ടൊറന്റോയില്‍ അര ദശലക്ഷം ആളുകള്‍ക്ക് ഫാമിലി ഡോക്ടറെ ലഭ്യമല്ല: റിപ്പോര്‍ട്ട് 

By: 600002 On: Mar 6, 2024, 12:14 PM

 


ടൊറന്റോയില്‍ താമസിക്കുന്ന അര ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഫാമിലി ഡോക്ടര്‍ ഇല്ലെന്ന് ഒന്റാരിയോ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 ഓടെ ഈ സംഖ്യ ഒരു ദശലക്ഷത്തിലേക്ക് എത്തുമെന്ന് കോളേജ് പ്രവചിക്കുന്നു. വരും വര്‍ഷങ്ങളില്‍ നിരവധി ഫാമിലി ഡോക്ടര്‍മാര്‍ വിരമിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടും. മാത്രവുമല്ല, അവര്‍ക്ക് പകരം ഫാമിലി മെഡിസിന്‍ തെരഞ്ഞെടുക്കാനും ജനസംഖ്യയ്ക്കനുസരിച്ച് സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനും സാധിച്ചില്ലെങ്കില്‍ ആളുകള്‍ ഫാമിലി ഡോക്ടര്‍മാരില്ലാതെ വലയുമെന്ന് കോളേജ് പറയുന്നു. 

പ്രവിശ്യയിലെ നിലവില്‍ സേവനം ചെയ്യുന്ന ചില ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കുകയാണെന്ന് കോളേജ് പ്രസിഡന്റ് ഡോ. മേക്കലയ് കുമനന്‍ പറയുന്നു. ഇതും രോഗികളുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. 

ഫാമിലി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കോളേജ് ഒന്റാരിയോ ആവശ്യപ്പെടുന്നു. കാലാഹരണപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങള്‍ നവീകരിച്ചും കൂടുതല്‍ സമഗ്രമായ ടീം അധിഷ്ഠിത പരിചരണങ്ങളില്‍ നിക്ഷേപം നടത്തിയും രോഗികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കിയും കൂടുതല്‍ ഫാമിലി ഡോക്ടര്‍മാരെ നിലനിര്‍ത്താന്‍ കോളേജ് ഒന്റാരിയോ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.