കാനഡയില്‍ ഗിഗ് വര്‍ക്ക് ചെയ്യുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു 

By: 600002 On: Mar 5, 2024, 2:00 PM
ലക്ഷകണക്കിന് കനേഡിയന്‍ പൗരന്മാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ഗിഗ് വര്‍ക്കുകളിലേക്ക് തിരിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. റൈഡ് ഷെയര്‍ ഡ്രൈവര്‍, ഫുഡ് ഡെലിവറി ചെയ്യുന്നവര്‍ തുടങ്ങി ഫ്രീലാന്‍സായി ജോലി ചെയ്യുന്നവര്‍, വിവര്‍ത്തകര്‍ വരെ ചെയ്യുന്ന ജോലികളെ ഗിഗ് വര്‍ക്ക് പറയുന്നു. കാനഡയില്‍ ഏകദേശം ഒരു ദശലക്ഷത്തോളം പേര്‍ ഗിഗ് ജോലികള്‍ തങ്ങളുടെ പ്രാഥമിക ജോലിയായി മാറിയെന്ന് പറയുന്നു. 2022 ല്‍ അവസാന മൂന്ന് മാസങ്ങളില്‍ 871,000 ആളുകള്‍ അവരുടെ പ്രധാന ജോലിയായി ഗിഗ് വര്‍ക്കിനെ ഏറ്റെടുത്തതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഫറന്‍സ് ഓഫ് യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിഷ്യന്‍സ് പ്രകാരം സ്ഥിര ജോലി ഉറപ്പ് നല്‍കാത്ത ഷോര്‍ട്ട്-ടേം ജോലികളോ ടാസ്‌ക്കുകളോ ഉള്ള ഒരു തരം തൊഴിലുകളാണ് ഗിഗ് വര്‍ക്ക്‌സ്. 

ഗിഗ് വര്‍ക്ക് തങ്ങളുടെ പ്രധാന ജോലിയാണെന്ന് പറഞ്ഞ 871,000 കനേഡിയന്‍ പൗരന്മാരില്‍ ശരാശരി 624,000 പേര്‍ 15 വയസ്സിനും 69 നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. ഇവരുടെ ജോലിയുടെ സവിശേഷതായായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ജീവനക്കാരില്ലെന്നതും ഒരു ഫിസിക്കല്‍ ബില്‍ഡിംഗ് ഇല്ല എന്നതുമാണ്. അതിനാല്‍ സ്വയം തൊഴിലും ഗിഗ് വര്‍ക്കായി കണക്കാക്കാം. 

സമയം, വരുമാനം, അധ്വാനം തുടങ്ങിയവയെല്ലാം ഗിഗ് വര്‍ക്കില്‍ പ്രധാനമാണ്. ഒരാള്‍ക്ക് ഹോബി ചെയ്യുന്നത് പോലെ ഗിഗ് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നതും സവിശേഷതയാണ്.