ബീസിയില്‍ 835,000 ഡോളറില്‍ താഴെ വിലയുള്ള വീട് വാങ്ങുന്ന ഫസ്റ്റ് ടൈം ഹോം ബയേഴ്‌സിന് ഏപ്രില്‍ 1 മുതല്‍ നികുതി ഇളവ് ലഭിക്കും

By: 600002 On: Mar 5, 2024, 12:25 PM

 


പ്രവിശ്യയില്‍ 835,000 ഡോളറില്‍ താഴെ വിലയുള്ള വീട് വാങ്ങുന്ന ഫസ്റ്റ് ടൈം ഹോം ബയേഴ്‌സിന് അടുത്ത മാസം മുതല്‍ നികുതി ഇളവ് ലഭിക്കുമെന്ന് ബീസി സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 1ന് ചട്ടം മാറുമ്പോള്‍ പ്രോപ്പര്‍ട്ടി ട്രാന്‍സ്ഫര്‍ ടാക്‌സ് അടയ്ക്കുന്നത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഒഴിവാക്കാം. 860,000 ഡോളര്‍ വരെ വിലയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്ക് ഭാഗിക ഇളവ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പര്‍ച്ചേസ് പ്രൈസിന്റെ ആദ്യ 500,000 ഡോളറിന് അര്‍ഹരായ ബയേഴ്‌സിനെ ടാക്‌സില്‍ നിന്നും ഒഴിവാക്കും. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നികുതി ഒഴിവാക്കലെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

പുതിയ തീരുമാന പ്രകാരം മുമ്പത്തേതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് അവരുടെ ആദ്യ വീട് വാങ്ങുന്നതിനുള്ള പിന്തുണ ലഭിക്കുമെന്നാണ്. പ്രവിശ്യയില്‍ ഈ വര്‍ഷം 14,500 ത്തോളം പേര്‍ പ്രോഗ്രാം പ്രയേജനപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.