എഡ്മന്റണ്‍ സിറ്റി ഹാള്‍ വെടിവെപ്പ്: യുവാവിനെതിരെ തീവ്രവാദ കുറ്റം ചുമത്തി 

By: 600002 On: Mar 5, 2024, 11:03 AM

 

 

ജനുവരിയില്‍ എഡ്മന്റണ്‍ സിറ്റി ഹാളില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ആര്‍സിഎംപി തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി. 28കാരനായ ബെഷാനി സര്‍വറിനെതിരെയാണ് തീവ്രവാദ കുറ്റം ചുമത്തിയത്.  എഡ്മന്റണ്‍ സ്വദേശിയായ മുന്‍ കമ്മീഷണര്‍ സര്‍വര്‍ ജനുവരി 23 ന് സിറ്റി ഹാളിനു നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം നിലയില്‍ നിന്ന് മൊളോടോവ് കോക്‌ടെയില്‍ എറിയുകയും ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. 

സിറ്റി ഹാളിലെ വെടിവെപ്പുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്ന അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സെക്യൂരിറ്റി ജാക്കറ്റ് ധരിച്ച ഒരാള്‍ തന്റെ ദൗത്യത്തെക്കുറിച്ചും സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ ഈ വീഡിയോ മതിയാകുമെന്ന് ക്രിമിനല്‍ ഡിഫന്‍സ് ലോയര്‍ പറയുന്നു. എന്നാല്‍ ഈ വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. 

സിറ്റി ഹാള്‍ പൊതുജനങ്ങള്‍ക്കായി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അഡ്മിനിസ്‌ട്രേഷന്‍ പരിഗണിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 

അതേസമയം, സര്‍വറിനെതിരായ കുറ്റങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എഡ്മന്റണ്‍ മേയര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.