അഞ്ചാംപനി: ബീസിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു; രോഗം ബാധിച്ചത് പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിക്ക് 

By: 600002 On: Mar 5, 2024, 9:33 AM

 

 


ബ്രിട്ടീഷ് കൊളംബിയയില്‍ ആദ്യ അഞ്ചാംപനി കേസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 2019 ന് ശേഷം പ്രവിശ്യയില്‍ രേഖപ്പെടുത്തുന്ന ആദ്യ കേസാണിത്. 10 വയസ്സിന് താഴെ പ്രായമുള്ള, വിദേശയാത്ര നടത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ബോണി ഹെന്ററി പറഞ്ഞു. വാന്‍കുവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് റീജിയണിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഒന്നിലധികം റിച്ച്മണ്ട് ലൊക്കേഷനുകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മറ്റ് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.  

ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ വാന്‍കുവര്‍ എയര്‍പോര്‍ട്ട് ഹോട്ടലില്‍ ഉണ്ടായിരുന്നവരും 5300 നമ്പര്‍ 3 റോഡില്‍ സ്ഥിതി ചെയ്യുന്ന ഐസിബിസിയില്‍  ഫെബ്രുവരി 26 ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുണ്ടായിരുന്നവരും ജാഗ്രത പാലിക്കണമെന്നും രോഗ സാധ്യതയുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

അതേസമയം, ലോകത്തുടനീളം അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കാനഡയില്‍ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ഹോളണ്ട് നിര്‍ദ്ദേശിച്ചു. ഒന്റാരിയോ, ക്യുബെക്ക്, ബിസി എന്നിവടങ്ങളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെങ്ങും ആരോഗ്യ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.