'ഞാനൊരുകോടീശ്വരനായേ' ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി

By: 600007 On: Mar 5, 2024, 1:22 AM

 

 

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണയും ഒരു പ്രവാസി ഇന്ത്യക്കാരന്‍റെ തലവര മാറ്റി. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് 261-ാമത് സീരീസ് ലൈവ് നറുക്കെടുപ്പിലൂടെയാണ് ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ മുഹമ്മദ് ഷെരീഫ് വിജയിയായത്. 15 മില്യന്‍ ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസാണ് ഇദ്ദേഹത്തിന് ലഭിക്കുക. ദുബൈയിൽ ഒരു സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് ഓഫീസറായി ജോലിനോക്കുകയാണ് മുഹമ്മദ് ഷെരീഫ്. സമ്മാന വിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഷെരീഫിനെ വിളിച്ചു. ഫോണെടുത്ത ഷെരീഫിന് താന്‍ കേള്‍ക്കുന്നത് സത്യമാണെന്ന് വിശ്വസിക്കാനായില്ല. ഞാനൊരു കോടീശ്വരനായേ എന്ന് ആര്‍ത്തുവിളിച്ചാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. സന്തോഷം കൊണ്ട് അദ്ദേഹം കരഞ്ഞുപോയി. തന്‍റെ 19 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഷെരീഫ് പറഞ്ഞു. ഫെബ്രുവരി 23ന് ഓണ്‍ലൈനായി എടുത്ത 186551 എന്ന ടിക്കറ്റാണ് ഷെരീഫിന് സമ്മാനം നേടി കൊടുത്തത്.