മോണ്‍ട്രിയലില്‍ എമര്‍ജന്‍സി റൂമില്‍ കാത്തിരിപ്പിനിടയില്‍ വീണ്ടും രോഗി മരിച്ചു: കൊറോണര്‍ അന്വേഷണം പ്രഖ്യാപിച്ചു  

By: 600002 On: Mar 4, 2024, 5:51 PM

 


മോണ്‍ട്രിയലിലെ അന്ന-ലാബര്‍ജ് ആശുപത്രിയില്‍ പരിചരണത്തിനായി കാത്തിരുന്ന രോഗി മരിച്ച സംഭവത്തില്‍ ക്യുബെക്ക് കോറോണര്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് മോണ്‍ട്രിയല്‍ സൗത്ത്‌ഷോര്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ ആംബുലന്‍സിനായി 45 മിനിറ്റോളം കാത്തിരുന്ന 41കാരനായ രോഗിയാണ് മരിച്ചത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്. നവംബറില്‍ ആരോഗ്യ പരിചരണത്തിനായി കാത്തിരുന്ന രണ്ട് രോഗികള്‍ മരിച്ചിരുന്നു. 

പ്രവിശ്യയില്‍ നിരവധി പേരാണ് മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരിക്കുന്നത്. രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറുകയാണ്. മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആംബുലന്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ നടപടികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ക്യുബെക്ക് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 630 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.