കാനഡയിലെ പ്രാഥമിക ആരോഗ്യ പരിപാലനത്തില്‍ നിരാശ പ്രകടിപ്പിച്ച് കനേഡിയന്‍ പൗരന്മാര്‍ 

By: 600002 On: Mar 4, 2024, 12:16 PM

 

 

കാനഡയിലെ പ്രാഥമിക ആരോഗ്യ പരിചരണ സംവിധാനത്തില്‍ നിരാശ പ്രകടിപ്പിച്ച് കനേഡിയന്‍ പൗരന്മാര്‍. ടൊറന്റോ ആസ്ഥാനമായുള്ള ഗവേഷക സംഘമാണ് 10,000 ത്തോളം പൗരന്മാരെ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്തെ പ്രാഥമിക പരിചരണ മേഖലയുടെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും ഈ സ്ഥിതിവിശേഷത്തില്‍ രോഗികള്‍ പ്രതിസന്ധിയിലാണെന്നും സര്‍വേയില്‍ പ്രതികരിച്ചവര്‍ പറയുന്നു. ഫാമിലി ഡോക്ടര്‍മാരുടെ ക്ഷാമം രാജ്യത്ത് വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ പ്രാഥമിക പരിചരണത്തിലുള്ള കടുത്ത അതൃപ്തിയും നിരാശയുമാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ രേഖപ്പെടുത്തിയത്. ടൊറന്റോ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലിലെ MAP സെന്റര്‍ ഫോര്‍ അര്‍ബന്‍ ഹെല്‍ത്ത് സൊല്യൂഷന്‍സിലെ ഫാമിലി ഡോക്ടറും ശാസ്ത്രജ്ഞയുമായ ഡോ. താരാ കിരണ്‍ നേതൃത്വം നല്‍കുന്ന സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

സാമ്പത്തികമല്ലാതെ മുന്‍ഗണനയും ആവശ്യവും അടിസ്ഥാനമാക്കി പരിചരണം നല്‍കുന്ന ഒരു ആരോഗ്യ സംവിധാനത്തെക്കുറിച്ച് കനേഡിയന്‍ പൗരന്മാര്‍ പൊതുവെ അഭിമാനിക്കുന്നുണ്ടെങ്കിലും സാര്‍വത്രികവും ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ സമയബന്ധിതമായി നല്‍കുമെന്ന വാഗ്ദാനത്തില്‍ സിസ്റ്റം പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. 

പ്രാഥമിക പരിചരണം കുറയുന്നു. ആരോഗ്യ പരിരക്ഷാ സംവിധാനത്തിലേക്കുള്ള മുന്‍വാതില്‍ എന്ന നിലയില്‍ പ്രാഥമിക പരിചരണം വലിയൊരു വിഭാഗം ആളുകള്‍ക്ക് ഇന്ന് ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന കനേഡിയന്‍ പൗരന്മാരില്‍ 22 ശതമാനം(ഏകദേശം 6.5 മില്യണ്‍) പേര്‍ക്ക് സ്ഥിരമായി കാണാന്‍ കഴിയുന്ന ഫാമിലി ഡോക്ടറോ നഴ്‌സ് പ്രാക്ടീഷണറോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നം വര്‍ഷം തോറും വര്‍ധിക്കുന്നതായി ജനങ്ങള്‍ അഭിപ്രായപ്പെട്ടു.