വരുമാന പരിധി ഉയര്‍ത്തി: ഒന്റാരിയോയില്‍ കൂടുതല്‍ പേര്‍ കൂടി ഇലക്ട്രിസിറ്റി റിബേറ്റിന് അര്‍ഹരായി

By: 600002 On: Mar 4, 2024, 11:07 AM

 

ഇലക്ട്രിസിറ്റി ബില്ലുകളില്‍ പ്രതിമാസ ക്രെഡിറ്റുകള്‍ ലഭിക്കുന്ന ഇലക്ട്രിസിറ്റി സപ്പോര്‍ട്ട് പ്രോഗ്രാമിന് ഒന്റാരിയോയിലെ കൂടുതല്‍ പേര്‍ അര്‍ഹത നേടി. ഒന്റാരിയോ ഇലക്ട്രിസിറ്റി സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ വരുമാന യോഗ്യതാ പരിധി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മാറ്റങ്ങള്‍ മാര്‍ച്ച് 1ന് നിലവില്‍ വന്നു. വരുമാന പരിധിയില്‍ 35 ശതമാനം വരെ വര്‍ധനയുണ്ടെന്ന് ഊര്‍ജമന്ത്രാലയം പറയുന്നു. നികുതി കിഴിവുകള്‍ക്ക് ശേഷം 71,000 ഡോളര്‍ സംയോജിത വരുമാനമുള്ള അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങള്‍ പ്രോഗ്രാമിന് അര്‍ഹരാണ്. ഇതിന് മുമ്പ് പരിധി 52,000 ഡോളറായിരുന്നു. 

അര്‍ഹരായ കുടുംബങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും പ്രതിമാസം 35 ഡോളര്‍ മുതല്‍ 75 ഡോളര്‍ വരെ ക്രെഡിറ്റുകള്‍ ലഭിക്കും. തദ്ദേശീയരായ കുടുംബാംഗങ്ങള്‍, ഇലക്ട്രിക് ഹീറ്റിംഗ് ഉപയോഗിക്കുന്ന അല്ലെങ്കില്‍ ചില ഇലക്ട്രിസിറ്റി-ഇന്റെന്‍സീവ് മെഡിക്കല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ റിബേറ്റ് ലഭ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.