സ്വന്തം ചെലവില്‍ ട്രാക്കിംഗ് ഡിവൈസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് കനേഡിയന്‍ ഓട്ടോ ഇന്‍ഷുറന്‍സ് കമ്പനികള്‍ 

By: 600002 On: Mar 4, 2024, 10:18 AM

 

 

വാഹന മോഷണം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒന്റാരിയോയിലെ ഡ്രൈവര്‍മാരോട് ആന്റി-തെഫ്റ്റ് ട്രാക്കിംഗ് ഡിവൈസുകള്‍ വാഹനങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് കനേഡിയന്‍ ഓട്ടോ ഇന്‍ഷുറന്‍സ് കമ്പനികള്‍. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ സിസ്റ്റത്തിന്റെ ഇന്‍സ്റ്റാളേഷന്റെ ചെലവ് ഏറ്റെടുക്കുമ്പോള്‍ ചില കമ്പനികള്‍ പണം നല്‍കാറില്ല. സ്വന്തം ചെലവില്‍ ഡിവൈസ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഇവര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെടുന്നത്. ടാഗ് ആന്റി-തെഫ്റ്റ് സിസ്റ്റം ട്രക്കില്‍ സ്ഥാപിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കാമെന്നേറ്റതായി ട്രക്ക് ഡ്രൈവര്‍ അര്‍വിന്ദര്‍ ഖല്‍സി പറയുന്നു. എന്നാല്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡ്രൈവര്‍മാര്‍ അവരുടെ സ്വന്തം ചെലവില്‍ ഡിവൈസ് സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. 

അപകടസാധ്യത വര്‍ധിച്ച വാഹനങ്ങളില്‍ ഡിവൈസ് ഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ കത്തയക്കും. വിപണിയിലെ മികച്ച ഡിവൈസ് സ്ഥാപിക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 

കാനഡ ഇന്‍ഷുറന്‍സ് ബ്യൂറോയുടെ കണക്കനുസരിച്ച്, കനേഡിയന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാഹന മോഷണത്തില്‍ 329 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. 2022 ല്‍ മാത്രം കാര്‍ മോഷണത്തില്‍ ഒരു ബില്യണ്‍ ഡോളറാണ് നഷ്ടപ്പെട്ടത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓട്ടോ മോഷണം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് മോഷ്ടിച്ച വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുന്നതായും ഐബിസി പറഞ്ഞു.