ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 200 ഡോളര്‍ ടാക്‌സ് പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Mar 2, 2024, 4:18 PM

 


ആല്‍ബെര്‍ട്ടയില്‍ ഇലക്ട്രിക് വാഹന ഉടമകള്‍ 200 ഡോളര്‍ ടാക്‌സ് അടയ്ക്കണമെന്ന് പ്രഖ്യാപിച്ച് പ്രവിശ്യാ സര്‍ക്കാര്‍. 2025 ജനുവരി 1 മുതലാണ് ടാക്‌സ് പ്രാബല്യത്തില്‍ വരിക. 2024 ലെ ബജറ്റ് അവതരണ വേളയിലാണ് ടാക്‌സ് പ്രഖ്യാപിച്ചത്. 

ആല്‍ബെര്‍ട്ടയില്‍ നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും വരും വര്‍ഷങ്ങളില്‍ വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കും. മറ്റ് വാഹനങ്ങളേക്കാള്‍ ഭാരമുള്ളതാണ് ഇലക്ട്രിക് വാഹനങ്ങള്‍. പ്രവിശ്യയിലെ റോഡുകള്‍ക്ക് കേടുപാടുകളും തേയ്മാനവും സംഭവിക്കാന്‍ കാരണമാകുന്നുവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മാത്രവുമല്ല ഇലക്ട്രിക് വാഹന ഉടമകള്‍ ഇന്ധന നികുതിയും നല്‍കുന്നില്ലെന്ന് പ്രവിശ്യാ സര്‍ക്കാര്‍ പറയുന്നു. 

ഉടമകള്‍ അവരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരും. നിലവിലുള്ള രജിസ്‌ട്രേഷന്‍ ഫീസിന് പുറമേ ആയിരിക്കും നികുതി നിരക്ക്. ഇത് സാധാരണ വാഹനങ്ങളുടെ ഡ്രൈവര്‍ നല്‍കുന്ന ഏകദേശ വാര്‍ഷിക ഇന്ധന നികുതിക്ക് അനുസൃതമായിരിക്കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ പറയുന്നു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നികുതി ബാധകമല്ല. നിയമനിര്‍മാണം അവതരിപ്പിക്കുമ്പോള്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടും. 

അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ച 200 ഡോളര്‍ ടാക്‌സിനെ എതിര്‍ത്തും അനുകൂലിച്ചും ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ പ്രതികരിച്ചു. ടാക്‌സ് പ്രഖ്യാപിക്കാനുണ്ടായ ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ വിശദീകരണത്തിനെതിരെ ചിലര്‍ വിമര്‍ശനമുന്നയിച്ചു. ടാക്‌സ് നല്‍കാനാവില്ലെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മറ്റ് ചിലര്‍ പ്രതികരിച്ചു.