കനേഡിയന്‍ കമ്മ്യൂണിറ്റികളില്‍ അഞ്ചാംപനി പടരുന്നു: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം 

By: 600002 On: Mar 2, 2024, 11:12 AM

 

 

കാനഡയിലുടനീളമുള്ള കമ്മ്യൂണിറ്റികളില്‍ അഞ്ചാംപനി വ്യാപകമായി പടരുമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. മാര്‍ച്ച് ബ്രേക്ക് ട്രാവല്‍ സീസണില്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തുന്നവരില്‍ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അണുബാധ കാനഡയിലെ ചില കമ്മ്യൂണിറ്റികളിലേക്ക് പടരാന്‍ സാധ്യത വളരെക്കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്യുബെക്ക്, ഒന്റാരിയോ തുടങ്ങിയ പ്രവിശ്യകളില്‍ ഉള്‍പ്പെടെ ഈ വര്‍ഷം ഒമ്പത് അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്. ക്യുബെക്കിലും ഒന്റാരിയോയിലും അടുത്തിടെ കണ്ടെത്തിയ രണ്ട് കേസുകള്‍ മുന്‍കാല യാത്രയുമായി ബന്ധപ്പെട്ടുള്ളതല്ല. കൂടാതെ, മറ്റ് അഞ്ചാംപനി കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്താത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റികള്‍ക്കുള്ളില്‍ നിന്നുമായിരിക്കാം രോഗം ബാധിച്ചെതെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

സബര്‍ബണ്‍ മോണ്‍ട്രിയലിലാണ് അഞ്ചാംപനി കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 27 ന് ലാവലില്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചാംപനി കേസില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത രോഗി അസുഖമുള്ള ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ലാവല്‍ പബ്ലിക് ഹെല്‍ത്ത് പറയുന്നു. വാക്‌സിനും ഇയാള്‍ സ്വീകരിച്ചിട്ടില്ല. ക്യുബെക്കില്‍ അടുത്തിടെ സ്ഥിരീകരിച്ച മൂന്നാമത്തെ അഞ്ചാംപനി കേസാണിത്. 

അഞ്ചാംപനി പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വൈറസിനെതിരെ പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന സ്പ്രിംഗ് സീസണില്‍ യാത്രകള്‍ പുനരാരംഭിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.