ബ്രയാന്‍ മല്‍റോണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ആല്‍ബെര്‍ട്ടയിലെ രാഷ്ട്രീയ പ്രമുഖര്‍

By: 600002 On: Mar 2, 2024, 10:42 AM

 

 

അന്തരിച്ച മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ബ്രയാന്‍ മല്‍റോണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കാനഡയിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി അകമഴിഞ്ഞ സഹായം ചൊരിഞ്ഞ രാഷ്ട്രതന്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയായിരുന്നു മല്‍റോണിയെന്ന് ആല്‍ബെര്‍ട്ടയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഓര്‍മിച്ചു. 

ഒരു ദശാബ്ദത്തിലേറെയായി പാര്‍ലമെന്റില്‍ നിന്നും വേറിട്ടാണ് മല്‍റോണി ജീവിച്ചിരുന്നതെങ്കിലും എന്നും ആത്മബന്ധം അദ്ദേഹവുമായി സൂക്ഷിച്ചിരുന്നുവെന്ന് കാല്‍ഗറി നോസ് ഹില്‍ എംപി മിഷേല്‍ റെംപേല്‍ ഗാര്‍നര്‍ പറഞ്ഞു. കരിയറിനുടനീളം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപദേശങ്ങളും പോസിറ്റീവായ കാര്യങ്ങള്‍ പറഞ്ഞുതരാനും മല്‍റോണി എന്നും കൂടെയുണ്ടായിരുന്നുവെന്ന് റെംപേല്‍ ഗാര്‍നര്‍ പറഞ്ഞു. 

എഡ്മന്റണ്‍ മേയര്‍ അമര്‍ജീത് സോഹിയും മല്‍റോണിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. തന്റെ കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യം കാണിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ സഹായിക്കുകയും ചെയ്തതായി സോഹി അനുസ്മരിച്ചു. 1988 ല്‍ സോഹി കാനഡയില്‍ സ്ഥിരതാമസക്കാരനായിരുന്നു. സന്ദര്‍ശനത്തിനും പഠനത്തിനുമായി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയില്‍ വെച്ച് കാനഡയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തീവ്രവാദ കുറ്റം ചുമത്തുകയും ചെയ്തു. രണ്ട് വര്‍ഷം അദ്ദേഹം ഇന്ത്യയില്‍ തടവിലായിരുന്നു. 

തന്നെ ജയിലില്‍ നിന്നും ഇറക്കാന്‍ മല്‍റോണി ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചതായി സോഹി നന്ദിയോടെ ഓര്‍ത്തു. സോഹി കനേഡിയന്‍ പൗരനല്ലാത്തതിനാല്‍ സര്‍ക്കാര്‍ യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. എന്നാല്‍ എന്നാല്‍ മല്‍റോണിയുടെ നേതൃത്വത്തില്‍ വ്യക്തിപരമായി തന്നെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയെന്ന് സോഹി പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ച 84 ആം വയസ്സിലാണ് മല്‍റോണി വിടപറഞ്ഞത്. കാനഡയുടെ 18 ാമത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.