ക്യുബെക്കിലെ മതേതര നിയമം ഭരണഘടനാപരമാണെന്ന് അപ്പീല്‍ കോടതി വിധിച്ചു 

By: 600002 On: Mar 1, 2024, 11:30 AM

 


പ്രവിശ്യയിലെ വിവാദ മതേതര നിയമം (ബില്‍ 21) ശരിവെച്ച് ക്യുബെക്ക് അപ്പീല്‍ കോടതി. മതേതര നിയമം ഭരണഘടനാപരമാണെന്ന് ക്യുബെക്ക് അപ്പീല്‍ കോടതി വിധിച്ചു. നിയമത്തില്‍ നിന്ന് ഇംഗ്ലീഷ് സ്‌കൂള്‍ ബോര്‍ഡുകളെ ഒഴിവാക്കിയ കീഴ്‌കോടതി വിധി റദ്ദാക്കുകയും ചെയ്തു. 2021 ലെ ക്യുബെക്ക് സുപ്പീരിയര്‍ കോടതി വിധിയുടെ ഭൂരിഭാഗവും കോടതി ശരിവെക്കുന്നു. പ്രവിശ്യയിലുടനീളം പ്രവിശ്യാ നിയമം ഒരുപോലെ ബാധകമാണെന്നതിന്റെ അടിസ്ഥാനത്തില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാരിന്റെ വിജയമാണ് ഈ വിധിയെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 

2019 ജൂണില്‍ പ്രാബല്യത്തില്‍ വന്ന നിയമം പ്രവിശ്യയെ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കുന്നു. കൂടാതെ അധ്യാപകര്‍, ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി അധികാര സ്ഥാനങ്ങളിലുള്ള പൊതുമേഖലാ ജീവനക്കാര്‍ ജോലിസ്ഥലത്ത് മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയും ഉള്‍പ്പെടുന്നു. 

ന്യൂനപക്ഷ ഭാഷാ വിദ്യഭ്യാസ അവകാശങ്ങള്‍ മാനിക്കപ്പെടുന്നില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് സ്‌കൂള്‍ ബോര്‍ഡുകളെ ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിയോട് അപ്പീല്‍ കോടതി യോജിച്ചില്ല.