ആല്‍ബെര്‍ട്ടയിലും ബീസിയിലും ഹിമപാത മുന്നറിയിപ്പ് 

By: 600002 On: Mar 1, 2024, 10:28 AM

 

 

ബ്രിട്ടീഷ് കൊളംബിയയിലും ആല്‍ബെര്‍ട്ടയിലെ ചില ഭാഗങ്ങളിലും പ്രത്യേക ഹിമപാത മുന്നറിയിപ്പ് നല്‍കി അവലാഞ്ച് കാനഡ. മാര്‍ച്ച് 4 വരെയാണ് മുന്നറിയിപ്പ്. അടുത്തിടെ വെസ്റ്റേണ്‍ കാനഡയിലുടനീളം വീശിയ സ്‌നോ സ്‌റ്റോമുകള്‍ ഗണ്യമായ അളവില്‍ മഞ്ഞ് നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് ഹിമപാതമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും അവലാഞ്ച് കാനഡ മുന്നറിയിപ്പില്‍ പറയുന്നു. ഫെബ്രുവരിയിലെ ഡ്രോട്ട് കണ്ടീഷനില്‍ സ്ഥാപിതമായ ദുര്‍ബലമായ പാളികളിലാണ് പുതിയതായി മഞ്ഞ് കൂടിക്കിടക്കുന്നത്. ചില പ്രദേശങ്ങളില്‍ ഒന്നിലധികം ദുര്‍ബലമായ പാളികളുണ്ട്. 

ഓരോ പ്രദേശത്തും വ്യത്യസ്തമായതാണ് ദുര്‍ബലമായ പാളികള്‍. കഴിഞ്ഞ ഒരു മാസമായി ഈ പാളികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഗുരുതരമായ സാഹചര്യമാണെന്നും അവലാഞ്ച് കാനഡ അറിയിച്ചു. 

കഴിഞ്ഞ വാരാന്ത്യത്തില്‍ സൗത്ത് വെസ്റ്റേണ്‍ ആല്‍ബെര്‍ട്ടയില്‍ സ്‌നോമൊബൈല്‍ ചെയ്യുന്നതിനിടെ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച ബീസിയിലെ റെവല്‍സ്‌റ്റോക്കിന് സമീപം ഹിമപാതത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തുകയുണ്ടായി. ഇതിനാലാണ് വിനോദ സഞ്ചാരികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും ഹിമപാത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.