കാര്‍ബണ്‍ ടാക്‌സ് അടയ്ക്കില്ലെന്ന് സസ്‌ക്കാച്ചെവന്‍; ജനങ്ങള്‍ക്ക് കാര്‍ബണ്‍ റിബേറ്റ് ലഭിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Mar 1, 2024, 9:58 AM

 

 

സസ്‌ക്കാച്ചെവനിലെ ജനങ്ങള്‍ക്ക് കാര്‍ബണ്‍ റിബേറ്റ് ലഭിക്കില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഹോം ഹീറ്റിംഗിനുള്ള നാച്വറല്‍ ഗ്യാസിന് കാര്‍ബണ്‍ ലെവി അടയ്ക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം. സസ്‌ക്കാച്ചെവന്റെ തീരുമാനം പ്രവിശ്യയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഫെഡറല്‍ നാച്ച്വറല്‍ റിസോഴ്‌സ് മിനിസ്റ്റര്‍ ജോനാഥന്‍ വില്‍ക്കിസണ്‍ പറഞ്ഞു. ലെവികള്‍ അടച്ചാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തയാറാണെന്ന് മന്ത്രി അറിയിച്ചു. 

റിബേറ്റ് ചെക്കുകള്‍ ഒഴിവാക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം സസ്‌ക്കാച്ചെവനിലെ കുടുംബങ്ങളോട് ചെയ്യുന്ന അന്യായമാണെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പ്രീമിയര്‍ സ്‌കോട്ട് മോ പറഞ്ഞു. പ്രവിശ്യയിലെ താമസക്കാര്‍ ഇപ്പോഴും ഗ്യാസോലിന്‍, ഡീസല്‍, പ്രൊപ്പെയ്ന്‍ എന്നിവയക്ക് ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് അടയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സസ്‌ക്കാച്ചെവന്‍ ജനതയ്ക്കുള്ള റിബേറ്റ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ഫെഡറല്‍ സര്‍ക്കാരെങ്കില്‍ പ്രവിശ്യ കാര്‍ബണ്‍ ടാക്‌സ് അടയ്ക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പ്രീമിയര്‍ ഭീഷണിപ്പെടുത്തി. 

സസ്‌ക്കാച്ചെവന്‍ ക്രൗണ്‍ കോര്‍പ്പറേഷന്‍ മിനിസ്റ്റര്‍ ഡസ്റ്റിന്‍ ഡങ്കന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രവിശ്യ കാര്‍ബണ്‍ ടാക്‌സ് അടയ്ക്കില്ലെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള വീഡിയോ സന്ദേശത്തെ തുടര്‍ന്നാണ് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള പോര് തുടങ്ങിയത്.