നിയമവിരുദ്ധ പ്രവര്‍ത്തനം; ജമ്മു കശ്മീരിലെ മുസ്ലീം കോണ്‍ഫറന്‍സിന്റെ രണ്ട് വിഭാഗങ്ങളെ വിലക്കി കേന്ദ്രം

By: 600002 On: Feb 29, 2024, 6:12 PM 

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം മുസ്ലീം കോണ്‍ഫറന്‍സ് ജമ്മു ആന്‍ഡ് കശ്മീര്‍ (സംജി വിഭാഗം), മുസ്ലീം കോണ്‍ഫറന്‍സ് ജമ്മു കശ്മീര്‍ (ഭാട്ട് വിഭാഗം) എന്നിവയെ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ അസോസിയേഷനുകളായി  പ്രഖ്യാപിച്ചു.അഞ്ച് വര്‍ഷത്തേക്കുള്ള വിലക്ക് ഉടനടി പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഈ സംഘടനകള്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്യുകയാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ മുസ്ലീം കോണ്‍ഫറന്‍സ് J&K (സംജി വിഭാഗം) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുസ്ലീം കോണ്‍ഫറന്‍സ് J&K (ഭട്ട് വിഭാഗം) തീവ്രവാദത്തെ പിന്തുണച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും കേന്ദ്രഭരണ പ്രദേശത്തെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും  ഏര്‍പ്പെട്ടിരിക്കുമ്പോള്‍ യുഎപിഎ ഉള്‍പ്പെടെ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരു സംഘടനകള്‍ക്കും അംഗങ്ങള്‍ക്കുമെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.