ഈ വര്‍ഷം ആരംഭത്തില്‍ കൂട്ട പിരിച്ചുവിടലുകള്‍ നടത്തി അമേരിക്കന്‍, കനേഡിയന്‍ കമ്പനികള്‍

By: 600002 On: Feb 29, 2024, 6:05 PM

 

 

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലുള്ള നിരവധി കമ്പനികള്‍ ഈ വര്‍ഷം ആരംഭിച്ചത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടാണ്. ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വെട്ടിക്കുറയ്ക്കല്‍. അമേരിക്കയിലെ ജോലി വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപനങ്ങള്‍ ജനുവരിയില്‍ 82,307 ആയി ഉയര്‍ന്നു. പ്രതിമാസം ഇരട്ടിയായാണ് വര്‍ധിച്ചത്. എന്നാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കുറഞ്ഞതായി ഔട്ട്‌പ്ലേസ്‌മെന്റ് സ്ഥാപനമായ ചലഞ്ചര്‍,ഗ്രേ
ആന്‍ഡ് ക്രിസ്മസിന്റെ
റിപ്പോര്‍ട്ടില്‍ പറയുന്നു. 

2023 ല്‍ ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടന്ന ടെക്‌നോളജി മേഖലയില്‍ ഈ വര്‍ഷം ഇതുവരെ 141 സ്ഥാപനങ്ങളിലായി 34,000 ജോലികള്‍ വെട്ടിക്കുറച്ചതായി ട്രാക്കിംഗ് വെബ്‌സൈറ്റ് Layoffs.fyi  പറയുന്നു. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ ടെക്‌നോളജി കമ്പനികളുള്‍പ്പെടെ നിരവധി കമ്പനികളാണ് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചത്. ടെക്‌നോളജി കമ്പനികള്‍ കൂടാതെ, മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ആന്‍ഡ് റീട്ടെയ്ല്‍, ഹെല്‍ത്ത്, മാനുഫാക്ച്വറിംഗ്, നാച്വറല്‍ റിസോഴ്‌സസ് തുടങ്ങിയ മേഖലകളിലെ കമ്പനികളും കൂട്ട പിരിച്ചുവിടലുകള്‍ ഈ വര്‍ഷം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.