ബംഗ്ലാദേശും ഇന്ത്യയും സഹകരണം അനിവാര്യമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

By: 600002 On: Feb 29, 2024, 3:45 PM 

ഇന്ത്യയും ബംഗ്ലാദേശും അടുത്ത അയല്‍ക്കാരായതിനാല്‍ സഹകരണം ആവശ്യമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. സന്ദര്‍ശനത്തിനെത്തിയ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയെ ധാക്കയിലെ സംഗ്സദ് ഭാബന്‍ ഓഫീസില്‍ സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മേഖലയിലെ പ്രധാന ശത്രു ദാരിദ്ര്യമാണെന്ന് സൂചിപ്പിച്ച ഷെയ്ഖ് ഹസീന, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പരമാവധി വിഭവങ്ങള്‍ ചെലവഴിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. 

പുതിയ ജനവിധി നേടിയതിന് ബംഗ്ലാദേശ് പ്രധാനമന്ത്രിയെ എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി അഭിനന്ദിക്കുകയും അവരുടെ ഭരണത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. നിലവിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ചും വ്യോമസേനാ മേധാവി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സ്മാര്‍ട്ട് ബംഗ്ലാദേശില്‍ സ്മാര്‍ട്ട് ആംഡ് ഫോഴ്സ് നിര്‍മ്മിക്കുന്നതിന് എല്ലാത്തരം സഹകരണവും നല്‍കുമെന്ന് വ്യോമസേനാ മേധാവി പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയതായി ബംഗ്ലദേശ് പ്രധാനമന്ത്രിയുടെ സ്പീച്ച് റൈറ്റര്‍ എംഡി നസ്റുല്‍ ഇസ്ലാം യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ബംഗ്ലാദേശിന്റെ 'ഫോഴ്സ് ഗോള്‍-2030' നെ കുറിച്ച് സംസാരിച്ച ഇന്ത്യന്‍ എയര്‍ ചീഫ്, ബംഗ്ലാദേശ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തില്‍ സഹകരണം നല്‍കുന്നതിനൊപ്പം സംയുക്ത അഭ്യാസവും നടത്താന്‍ മുന്‍കൈയെടുത്തതായി ബിഎസ്എസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ് വ്യോമസേനയുടെ പുരോഗതിക്കായി എല്ലാവിധ സഹകരണവും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ഷെയ്ഖ് അബ്ദുള്‍ ഹന്നാന്റെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ എയര്‍ ചീഫ് മാര്‍ഷല്‍ മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയത്. മൂന്നംഗ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.