മോഷ്ടിച്ച കാര്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ വിറ്റു; ഒന്റാരിയോ സ്വദേശിക്ക് 11,500 ഡോളര്‍ നഷ്ടമായി 

By: 600002 On: Feb 13, 2024, 12:36 PM

 

 


മോഷ്ടിച്ച വാഹനം ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒന്റാരിയോയിലെ ഗ്വാള്‍ഫ് സ്വദേശിക്ക് 11,500 ഡോളര്‍ നഷ്ടമായതായി പരാതി. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ ഇഷ്ടപ്പെട്ട വാഹനം കണ്ടെത്തിയ ഒമിദ് ഗദിമ്മി മിസിസാഗയിലേക്ക് വാഹനം വാങ്ങിക്കാനായി പോയി. ഗദിമ്മിയും വില്‍പ്പനക്കാരനും ടെക്സ്റ്റ് മെസേജ് അയച്ചു. 2015 മോഡല്‍ ഹോണ്ട സിആര്‍വി വാഹനമാണ് വാങ്ങാന്‍ തീരുമാനിച്ചത്. ഇത് ടെസ്റ്റ് ഡ്രൈവും ചെയ്തു. കാറിന്റെ വില 11,500 ഡോളര്‍ നല്‍കുകയും ചെയ്തു. 

കാറിന്റെ വിലയായി മുഴുവന്‍ തുകയും താന്‍ നല്‍കിയതായി ഗദിമ്മി പറഞ്ഞു. വില്‍പ്പന സമയത്ത് കാര്‍ഫാക്‌സ് റിപ്പോര്‍ട്ടും വാഹനത്തിന്റെ രണ്ട് താക്കോലും തനിക്ക് കൈമാറിയെന്ന് അദ്ദേഹം പറഞ്ഞു. കാറിന്റെ ഇന്‍ഷുറന്‍സ് ലൈന്‍ ചെയ്ത ശേഷം ഹോണ്ടയ്ക്ക് പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കുന്നതിനായി സര്‍വീസ് ഒന്റാരിയോയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയ തന്നോട് VIN  പരിശോധിക്കാനും നമ്പര്‍ പ്ലേറ്റ് നല്‍കാന്‍ സാധിക്കില്ലെന്നും പോലീസുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടു.

പോലീസില്‍ കാറുമായി എത്തിയപ്പോള്‍ ഇത് ടൊറന്റോയില്‍ നിന്നും മോഷണം പോയതാണെന്നും മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പട്ടികയില്‍ ഈ വാഹനമുണ്ടെന്നും പോലീസ് പറഞ്ഞതായി ഗദിമ്മി പറഞ്ഞു. കാര്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് തനിക്ക് പറ്റിയ ചതി തിരിച്ചറിഞ്ഞത്. തന്റെ പണം മുഴുവന്‍ നഷ്ടമായതായും അദ്ദേഹം പോലീസിനോട് പറഞ്ഞു. 

അന്വേഷണം നടത്തുന്നുണ്ടെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചതായി ഗദിമ്മി പറഞ്ഞു.