ജീവിതച്ചെലവ് നികത്താന്‍ ഗോഫണ്ട്മീയെ ആശ്രയിച്ച് കനേഡിയന്‍ പൗരന്മാര്‍; ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംഘാടകര്‍

By: 600002 On: Feb 13, 2024, 12:10 PM

 

 

ജീവിതച്ചെലവുകള്‍ നികത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഗോഫണ്ട് മീ(GoFund Me) റിപ്പോര്‍ട്ട് ചെയ്യുന്നു. അഫോര്‍ഡബിളിറ്റി ക്രൈസിസിനിടയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കനേഡിയന്‍ പൗരന്മാരാണ് സഹായത്തിനായി ഗോഫണ്ട്മീ യെ ആശ്രയിക്കുന്നത്. ഓണ്‍ലൈനിലൂടെ അപരിചിതരുടെ സഹായം ആവശ്യപ്പെടുന്ന ഗോഫണ്ട്മീയില്‍ കൂടുതല്‍ കനേഡിയന്‍ പൗരന്മാര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ഗോഫണ്ട്മീ അധികൃതര്‍ പറയുന്നു. 

പലപ്പോഴും മെഡിക്കല്‍ ചെലവുകള്‍, വിദ്യാഭ്യാസ ചെലവുകള്‍, സന്നദ്ധസേവന പരിപാടികള്‍, യുവജന കായിക വിനോദങ്ങള്‍, ശവസംസ്‌കാരം എന്നിവയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണത്തിനുമാണ് ഗോഫണ്ട്മീ ഫണ്ട് ശേഖരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കനേഡിയന്‍ പൗരന്മാര്‍ തങ്ങളുടെ ജീവിതച്ചെലവ് നികത്താന്‍ ഗോഫണ്ട്മീയെ ആശ്രയിക്കാന്‍ തുടങ്ങിയെന്നത് ഗൗരവമായി കാണേണ്ടതാണെന്നും ആശങ്കയുണ്ടാക്കുന്നതാണെന്നും അധികൃതര്‍ പറയുന്നു. 

ഉയര്‍ന്ന പണപ്പെരുപ്പവും അഫോര്‍ഡബിള്‍ ഹൗസിംഗ് ഷോര്‍ട്ടേജും കനേഡിയന്‍ പൗരന്മാരുടെ ജീവിതത്തെ സ്വാധീനിച്ചു. അവര്‍ പിന്തുണയ്ക്ക് വേണ്ടി ഗോഫണ്ട്മീ യെ കൂടുതലായി ആശ്രയിക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.