കാനഡയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്ന നിരക്കില്‍: ജീവിത നിലവാരത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Feb 13, 2024, 10:42 AM

 

 

 

വിദ്വേഷ കുറ്റകൃത്യങ്ങള്‍ കാനഡയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സമീപകാലങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദ്വേഷ കുറ്റകൃത്യങ്ങള്‍ മനുഷ്യരെ ശരീരികവും മാനസികവുമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഉയര്‍ന്ന നിരക്കില്‍ വിദ്വേഷ കുറ്റകൃത്യങ്ങളുള്ള കനേഡിയന്‍ നഗരങ്ങളിലെ ആളുകള്‍ രാജ്യത്തിന്റെ മറ്റ് നഗരങ്ങളിലെ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശാരീരികവും മാനസികവും ആരോഗ്യപരവുമായി ഏറെ പിന്നിലാണ്. പോസിറ്റിവിറ്റി ഇവരില്‍ കുറവായിരിക്കും. വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലുള്ള 46 ശതമാനം കനേഡിയന്‍ പൗരന്മാര്‍ക്ക് മാത്രമാണ് മികച്ച മാനസികാരോഗ്യമുള്ളുവെന്ന് പഠനത്തില്‍ പറയുന്നു. 

കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന വ്യക്തികളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവരിലായിരിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇരയാകുന്ന വ്യക്തി അനുഭവിക്കുന്നത് തങ്ങളെയും അടുത്തതായി ബാധിച്ചേക്കാമെന്ന ഭയവും ആശങ്കയും കമ്മ്യൂണിറ്റികളിലെ ദുര്‍ബലരായ ആളുകളില്‍ രൂപപ്പെടുന്നു. ഇത് പതിയെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. മാനസികാരോഗ്യം നഷ്ടമാകുമ്പോള്‍ ശാരീരിക അസുഖങ്ങളും ഉണ്ടാകുന്നു. 

പോലീസ് റിപ്പോര്‍ട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളും സാമൂഹിക ആഘാതങ്ങളും പ്രവണതകളും തമ്മിലുള്ള ബന്ധവും പഠനം നിരീക്ഷിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജീവിത നിലവാരം വളരെ താഴ്ന്ന നിലയിലായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തി. വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ മൂലമാണോ അതോ വിദ്വേഷ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ മൂലമാണോ മോശം ജീവിത നിലവാരം സൃഷ്ടിക്കപ്പെടുന്നതെന്ന കാര്യം കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.