സ്റ്റോണി ക്രീക്കില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവാവിനായി അന്വേഷണം തുടരുന്നു 

By: 600002 On: Feb 12, 2024, 2:27 PM

 


ശനിയാഴ്ച രാത്രി സ്‌റ്റോണി ക്രീക്കിലെ വീട്ടില്‍ 56 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോമിസൈഡ് ഡിറ്റക്ടീവ്‌സ് അറിയിച്ചു. മരണപ്പെട്ട കുല്‍ദീപ് സിംഗിന്റെ കൊലപാതകത്തിന് പിന്നില്‍ മകന്‍ സുഖജ് കീമ സിംഗ് ആണെന്ന് പോലീസ് പറഞ്ഞു. 22 കാരനായ സുഖജിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. 

ട്രാഫല്‍ഗര്‍ ഡ്രൈവിനും മഡ് സ്ട്രീറ്റിനും സമീപമുള്ള വീട്ടില്‍ രാത്രി 7.40 ഓടെയാണ് കുല്‍ദീപ് സിംഗിനെ ഗുരുതരമായ പരുക്കുകളോടെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുല്‍ദീപ് സിംഗുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സുഖജ് പിതാവിനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ രക്ഷപ്പെട്ടോടിയതായി ദൃക്‌സാക്ഷികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

സംഭവത്തിന് 30 മിനിറ്റ് മുമ്പ് പ്രതി പ്രദേശത്ത് ഉണ്ടായിരുന്നതായി സംശയിക്കുന്നതായും കടുംനിറമുള്ള എസ്‌യുവിയില്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സിസിടിവി ദൃശ്യങ്ങളുള്ളവരോ ഡിപ്പാര്‍ട്ട്‌മെന്റ് ലിസ ചേംബേഴ്‌സുമായി 905-546-3843 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിച്ചു.