സതേണ്‍ മാനിറ്റോബയില്‍ 3 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് മരണം: പ്രതിയെ കസ്റ്റഡിയിലെടുത്തതായി ആര്‍സിഎംപി 

By: 600002 On: Feb 12, 2024, 12:32 PM

 


സതേണ്‍ മാനിറ്റോബയില്‍ മൂന്ന് സ്ഥലങ്ങളിലായി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതായി മാനിറ്റോബ ആര്‍സിഎംപി അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെയോ പ്രതിയുടെയോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 

കാര്‍മാന്‍ ഹൈവേ 3 ല്‍ വാഹനാപകടം നടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് അടുത്തുള്ള കുഴിയില്‍ ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. 

പിന്നീട് ഉച്ചയോടെ അടുത്ത അപകടം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മാനിറ്റോബ കാര്‍ട്ടിയര്‍ ആര്‍എം ഹൈവേ 248 ല്‍ കാറിന് തീപിടിച്ചതായി വിവരം ലഭിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ കാറിനുള്ളില്‍ മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. 

കാറിന് തീപിടിച്ച സ്ഥലത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കാര്‍മാനിലെ ഒരു വീട്ടില്‍ നിന്ന് മറ്റൊരി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അഞ്ച് മരണങ്ങള്‍ക്കും ദുരൂഹതയുള്ളതായും ഈ മൂന്ന് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും പ്രതിയും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരാണെന്നും പോലീസ് പറഞ്ഞു.