പരിശോധനയില്‍ എലി കാഷ്ഠവും പാറ്റകളെയും കണ്ടെത്തി; കാല്‍ഗറിയിലെ ഡേകെയര്‍ അടച്ചുപൂട്ടി 

By: 600002 On: Feb 12, 2024, 12:13 PM

 

 


ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എലിയുടെ കാഷ്ഠവും പാറ്റകളെയും കണ്ടെത്തിയതിനെ തുടര്‍ന്ന് കാല്‍ഗറിയിലെ ഡേകെയര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. 2 സ്ട്രീറ്റ് സൗത്ത്‌വെസ്റ്റിലെ സണ്‍ വാലി കിഡ്‌സ് അക്കാദമിയാണ് അടച്ചത്. ഡേകെയറിലെ അടുക്കളയിലും ഫ്രിഡ്ജിലും സിങ്കിനടിയിലും ജീവനുള്ളതും ചത്തതുമായ നിരവധി പാറ്റകളെയാണ് കണ്ടെത്തിയത്. കൂടാതെ എലികാഷ്ഠവും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികളെ പരിചരിക്കുന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെ അധികൃതര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. 

ഡയപ്പര്‍ കാബിനറ്റ്, കിന്റര്‍ഗാര്‍ട്ടണ്‍ റൂം തുടങ്ങിയ സ്ഥലങ്ങളെല്ലാം വൃത്തിഹീനമായിരുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റ് വസ്തുക്കളിലുമെല്ലാം എലികാഷ്ഠത്തിന്റെ അംശമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂട്ടുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അടുക്കളയിലെ ഹാന്‍ഡ് വാഷിംഗ് സിങ്കില്‍ ഹാന്‍ഡ് സോപ്പില്ല, പ്രോബ് തെര്‍മോമീറ്റര്‍ തകര്‍ന്നു, ബേബി റൂം റെഫ്രിജറേറ്ററില്‍ തെര്‍മോമീറ്റര്‍ ഇല്ല തുടങ്ങി മറ്റ് നിയമനലംഘനങ്ങളും ഡേകെയറില്‍ കണ്ടെത്തി. 

ഒരു പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്ററെ നിയമിക്കാനും വീണ്ടും തുറക്കുന്നതിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉടമയോട് ഉത്തരവിട്ടിട്ടുണ്ട്. ഡേകെയര്‍ എപ്പോള്‍ തുറക്കുമെന്നതിനെക്കുറിച്ച് വ്യക്തമല്ല.