നോവ സ്‌കോഷ്യയില്‍ ഈയാഴ്ച 30 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു 

By: 600002 On: Feb 12, 2024, 11:44 AM

 

 


ഈയാഴ്ച നോവ സ്‌കോഷ്യയിലെ ചിലയിടങ്ങളില്‍ 30 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഞായറാഴ്ച പ്രവിശ്യയില്‍ വിന്റര്‍ സ്റ്റോം വാച്ച് പുറപ്പെടുവിച്ചു. നോവ സ്‌കോഷ്യയിലെ ചില പ്രദേശങ്ങളില്‍ 100 സെന്റീമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടായതിന് രണ്ടാഴ്ചയ്ക്കു ശേഷമാണ് വീണ്ടും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. എണ്‍വയോണ്‍മെന്റ് കാനഡയില്‍ നിന്നുള്ള കാലാവസ്ഥാ അപ്‌ഡേറ്റില്‍ നോവ സ്‌കോഷ്യയുടെ തെക്ക് ഭാഗത്ത് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച വരെ സ്‌റ്റോം(Nor' easter) കടന്നുപോകുന്നതായി പറയുന്നു. പ്രവിശ്യയുടെ ഭൂരിഭാഗവും 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും. 

അതിശക്തമായി വിന്റര്‍ സ്റ്റോം വീശാന്‍ സാധ്യതയുള്ളതിനാല്‍ വിസിബിളിറ്റി കുറയുമെന്നും മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ കാറ്റ് പ്രതീക്ഷിക്കാമെന്നും അപ്‌ഡേറ്റില്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്നും കാലാവസ്ഥാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.