വാഹന മോഷണം തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ 

By: 600002 On: Feb 12, 2024, 10:17 AM

 

 

കാനഡയിലെ വര്‍ധിച്ചുവരുന്ന വാഹന മോഷണം തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ ഡൊമിനിക് ലെബ്ലാങ്ക്. പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പായും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഓട്ടവയില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാന വിഷയമായിരുന്നു വാഹന മോഷണം. രാഷ്ട്രീയ, വ്യവസായ പ്രതിനിധികളും നിയമപാലകരും ഐക്യകണ്ഠമായി പ്രശ്‌നത്തോട് പ്രതികരിച്ചു. എല്ലാവരും ഒരുപോലെ വാഹന മോഷണം തടയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. 

പലപ്പോഴും സംഘടിത ക്രൈം ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെയുള്ള വാഹന മോഷണത്തിനും പുനര്‍വില്‍പ്പനയ്ക്കും ഉചിതമായ രാജ്യമായി കാനഡ മാറിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്യുബെക്കിലും ഒന്റാരിയോയിലും 2022 ല്‍ വാഹനമോഷണങ്ങള്‍ ഏകദേശം 50 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. അറ്റ്‌ലാന്റിക് കാനഡയില്‍ 35 ശതമാനവും വര്‍ധിച്ചു. സര്‍ക്കാരിന്റെ ഒരു തലത്തിലും സ്വന്തമായി പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ലെബ്ലാങ്ക് മാധ്യമങ്ങളോട് പറഞ്ഞു.  

വാഹന മോഷണം തടയാന്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുമായി പോലീസ് സേന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.