അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍; സര്‍ക്കാരുകള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പീല്‍ ചാരിറ്റീസ് 

By: 600002 On: Feb 12, 2024, 9:41 AM

 


ബ്രാംപ്ടണിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഭക്ഷണം, വസ്ത്രം, താമസസ്ഥലം എന്നിവ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെല്ലുവിളി നേരിടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സഹായിക്കാനായി സര്‍ക്കാരുകള്‍ നടിപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് പീല്‍ ചാരിറ്റികള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഉയര്‍ന്ന നിരക്കിലാണ് സഹായമഭ്യര്‍ത്ഥിച്ചുള്ള അപേക്ഷകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അന്താരാഷ്ട്ര ചാരിറ്റിയുടെ കനേഡിയന്‍ ശാഖയായ ഖല്‍സ എയ്ഡ് കാനഡ പറഞ്ഞു. 

രാജ്യത്ത് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ 8,200 ലധികം വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഫെഡറല്‍-പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളും പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളും കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടത് ആവശ്യമാണെന്നും ഖല്‍സ എയ്ഡ് കാനഡ പറഞ്ഞു. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ മാത്രം ഏകദേശം 500,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ ഇത്രയധികം കുട്ടികളിലേക്ക് സഹായമെത്തിക്കാന്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന സാമ്പത്തിക വിഹിതം അപര്യാപ്തമാണെന്ന് ഖല്‍സ എയ്ഡ് നാഷണല്‍ ഡയറക്ടര്‍ ജിന്ദി സിംഗ് വ്യക്തമാക്കി.