കാല്‍ഗറി മേയറെ തിരിച്ചുവിളിക്കല്‍ പ്രമേയം: റാലി നടത്തി ജനങ്ങള്‍, ഹര്‍ജിയില്‍ ഒപ്പുശേഖരണം തുടരുന്നു 

By: 600002 On: Feb 12, 2024, 9:05 AM

 

 


മേയറെ തിരിച്ചുവിളിക്കല്‍ പ്രമേയത്തെ കാല്‍ഗറിയിലെ ജനങ്ങള്‍ ഒന്നടങ്കം പിന്തുണയ്ക്കുന്നുവെന്നതിന്റെ തെളിവായിരുന്നു ശനിയാഴ്ച സിറ്റി ഹാളിന് പുറത്ത് ഒത്തുകൂടിയ ജനക്കൂട്ടം. 'റീകോള്‍ മേയര്‍ ഗോണ്ടെക്' കിക്ക്-ഓഫ് ഇവന്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മേയര്‍ ജ്യോതി ഗോണ്ടെകിന്റെ നയങ്ങളില്‍ നിരാശരായവര്‍ റീകോള്‍ പെറ്റീഷനില്‍ ഒപ്പുവെച്ചു. നൂറിലധികം പേര്‍ പെറ്റീഷനില്‍ ഒപ്പിടാന്‍ എത്തിയെന്നും പലരും അധികം താമസിയാതെ പിരിഞ്ഞുപോയതായും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മേയറെ പദവിയില്‍ നിന്നും നീക്കാന്‍ ഉദ്ദേശിക്കുന്ന ഹര്‍ജിയില്‍ കഴിയുന്നത്ര ഒപ്പ് ശേഖരിക്കുക എന്നതാണ് ലക്ഷ്യം. ആവശ്യമായ ഒപ്പുകള്‍ ശേഖരിക്കാന്‍ ഇനി 55 ദിവസത്തില്‍ താഴെ മാത്രമേ സമയമുള്ളൂ. മുനിസിപ്പല്‍ ഗവണ്‍മെന്റ് ആക്ട് അനുസരിച്ച് നിവേദനത്തിന് 500,000 ത്തിലധികം ഒപ്പുകള്‍ ആവശ്യമാണ്. ഇത് കാല്‍ഗറിയിലെ ജനസംഖ്യയുടെ 40 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഇതുവരെ 2,000 ഒപ്പുകളാണ് ലഭിച്ചതെന്ന് ഹര്‍ജിക്കാരനായ ലാന്‍ഡണ്‍ ജോണ്‍സ്റ്റണ്‍ പറയുന്നു.