ഗുരുവായൂരിൽ ആനകള്‍ക്ക് ക്രൂരമര്‍ദനം; കേസെടുത്ത് വനം വകുപ്പ്.

By: 600021 On: Feb 11, 2024, 5:09 AM

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകൾക്ക് മർദ്ദനം. മര്‍ദ്ദിച്ച രണ്ട് പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിര്‍ദ്ദേശം നല്‍കി. ജയലളിത നടയ്ക്കിരുത്തിയ ആനയായ കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരായ ശരത്, വാസു എന്നിവര്‍ ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി . നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയതായും ബന്ധപ്പെട്ട പാപ്പാന്മാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് മാസത്തിനിടെ പല ദിവസങ്ങളിലായി ചിത്രീകരിച്ചതെന്നു കരുതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് മര്‍ദ്ദനമേറ്റ വിവരം പുറത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പുന്നത്തൂര്‍ ആനക്കോട്ടയിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററാട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.തുടര്‍ന്ന് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പാപ്പാന്മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇരുവരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.