ദക്ഷിണേഷ്യന്‍ ഭവന നിര്‍മ്മാതാക്കളെയും ബിസിനസ്സുകളെയും ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും അവബോധം സൃഷ്ടിക്കാനും എഡ്മന്റണ്‍ പോലീസ് സര്‍വീസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രോഗ്രാമില്‍ തട്ടിപ്പിനിരയായവര്‍ മുന്നോട്ട് വരാനും കുടുംബാംഗങ്ങളുമായി അവര്‍ പങ്കിടുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാനും ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളോട് എഡ്മന്റണ്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. റിഡ്ജ്‌വുഡ് കമ്മ്യൂണിറ്റി ലീഗില്‍ എഡ്മന്റണ്‍ പോലീസ് സര്‍വീസ് സംഘടിപ്പിച്ച ടൗണ്‍ ഹാള്‍ പരിപാടിയില്‍ 250 ഓളം പേര്‍ പങ്കെടുത്തു. മേയര്‍ അമര്‍ജീത് സോഹി, ആര്‍സിഎംപി ക്രൈം സ്റ്റോപ്പേഴ്‌സ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരോട് ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാനും അവസരമുണ്ടായിരുന്നു. സാങ്കേതിക അടിസ്ഥാനങ്ങള്‍ മുതല്‍ അന്വേഷകരുടെ തന്ത്രങ്ങള്‍ക്ക് പിന്നിലെ ന്യായവാദം വരെ കമ്മ്യൂണിറ്റി അംഗങ്ങള്‍ ചോദിച്ചു. യുവാക്കളാണ് കൂടുതലും ഇത്തരം തട്ടിപ്പുകളില്‍ ഉള്‍പ്പെടുന്നതെന്നും ഇവരെ അതിന് പ്രേരിപ്പിക്കുന്നത് എന്താണെന്നതിനെ സംബന്ധിച്ചും പരിപാടിയില്‍ ചര്‍ച്ചയായി.
2023 അവസാനത്തോടെ വീടുകള്‍ വ്യാപകമായി തീവെക്കുന്നതുമായി ബന്ധപ്പെട്ടാണ് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്കെതിരെയുള്ള ആക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. ഇതിനു ശേഷം ഇതാദ്യമായാണ് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായി പോലീസ് നേരിട്ട് സംസാരിക്കുന്നത്.