വിദഗ്ധ തൊഴിലാളികളെ തേടി കാനഡ; അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള എന്റോള്‍മെന്റ് കുതിച്ചുയരുന്നു 

By: 600002 On: Feb 10, 2024, 11:45 AM

 
 
 
കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി വിവിധ വിദഗ്ധ തൊഴിലാളികളുടെ കുറവ് കാനഡയില്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ രാജ്യത്ത് വിദഗ്ധ തൊഴിലാളികളെ കൂടുതലായി നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഡാറ്റ അനുസരിച്ച് അപ്രന്റീസ്ഷിപ്പിനായി കാനഡയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു. പാന്‍ഡെമിക് സമയത്ത് കുത്തനെ ഇടിഞ്ഞതിന് ശേഷമുള്ള തിരിച്ചുവരവാണിത്. 2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ല്‍ 81,141 പേരാണ് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തത്. 2021 ല്‍ നിന്ന് ഏകദേശം 12 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 
 
വിദഗ്ധ തൊഴിലാളികളെ കണ്ടെത്താന്‍ സമീപ വര്‍ഷങ്ങളില്‍ ബുദ്ധിമുട്ടുന്ന കണ്‍സ്ട്രക്ഷന്‍, മാനുഫാക്ച്വറിംഗ് കമ്പനികള്‍ക്ക് തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ വര്‍ധിക്കുന്നത് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 
 
എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും രജിസ്‌ട്രേഷനില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ആല്‍ബെര്‍ട്ട, ക്യുബെക്ക്, ഒന്റാരിയോ എന്നീ പ്രവിശ്യകളിലാണ് രജിസ്‌ട്രേഷനില്‍ മുന്നിലെന്ന് സെന്റര്‍ ഫോര്‍ എജ്യുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി ഗ്രഹാം സ്ലീഗര്‍ പറയുന്നു. ക്യുബെക്കിന്റെ വളര്‍ച്ചയുടെ ഭൂരിഭാഗവും കാര്‍പെന്റര്‍മാര്‍ക്കും ഇലക്ട്രീഷ്യന്മാര്‍ക്കുമുള്ള പ്രോഗ്രാമുകളിലെ എന്റോള്‍മെന്റില്‍ നിന്നാണ് വന്നത്. ആല്‍ബെര്‍ട്ടയിലാകട്ടെ അപ്രന്റീസ് ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, സ്റ്റീംഫിറ്റേഴ്‌സ്, പൈപ്പ്ഫിറ്റേഴ്‌സ്, ഹെവി-ഡ്യൂട്ടി എക്വിപ്‌മെന്റ് മെക്കാനിക്‌സ് എന്നിവരില്‍ നിന്നാണ്. 
 
കനേഡിയന്‍ അപ്രന്റീസ്ഷിപ്പ് ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാനഡയിലെ റെഡ് സീല്‍ ട്രേഡിനുള്ള ശരാശരി വരുമാനം 111,500 ഡോളറാണ്. എങ്കിലും നിര്‍ദ്ദിഷ്ട തരത്തിലുള്ള വ്യാപാരത്തെ ആശ്രയിച്ച് വരുമാനവും വ്യത്യാസപ്പെടും. ഉദാഹരണത്തിന്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍മാര്‍ പ്രതിവര്‍ഷം 182,200 ഡോളര്‍ സമ്പാദിക്കുന്നു. അതേസമയം, ഹെയര്‍ സ്റ്റൈലിസ്റ്റികളും ബാര്‍ബര്‍മാരും ഏകദേശം 44,700 ഡോളര്‍ സമ്പാദിക്കുന്നു.