കവര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ജയില്‍ശിക്ഷ ഉറപ്പാക്കുമെന്ന് പിയറി പൊളിയേവ്

By: 600002 On: Feb 10, 2024, 9:14 AM

 

 

രാജ്യത്തുയര്‍ന്നു വരുന്ന സംഘടിത, കവര്‍ച്ചാ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് നിര്‍ബന്ധിത ജയില്‍ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊലിയേവ്. കൊള്ളയടി, കവര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ഒന്നിലധികം പ്രവിശ്യകളില്‍ ദക്ഷിണേഷന്‍ ബിസിനസുകള്‍ക്കെതിരായ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍  പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കവര്‍ച്ച, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത മിനിമം ജയില്‍ ശിക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തില്‍ എത്തുന്ന പക്ഷം ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മിനിമം മൂന്ന് വര്‍ഷവും, സംഘങ്ങള്‍ക്കോ സംഘടിത കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷവും തടവ് ശിക്ഷ ഉറപ്പുവരുത്തുമെന്ന് പൊളിയേവ് കൂട്ടിച്ചേര്‍ത്തു.