'നൈറ്റ് മേയറെ' നിയമിക്കാന്‍ ഓട്ടവ സിറ്റി; രാത്രിയിലെ ഭരണത്തിന് പ്രതിവര്‍ഷം 112,000 ഡോളര്‍ ശമ്പളം 

By: 600002 On: Feb 10, 2024, 8:37 AM

 

 

നഗരത്തില്‍ ഔദ്യോഗികമായി ഒരു 'നൈറ്റ് മേയറെ' നിയമിക്കാന്‍ ഒരുങ്ങുകയാണ് ഓട്ടവ സിറ്റി. നഗരത്തിന്റെ രാത്രികാല സമ്പദ്‌വ്യവസ്ഥ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൈറ്റ് മേയര്‍ എന്ന ആശയം സിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. രാത്രി കാലങ്ങളിലെ ഭരണത്തിന് പ്രതിവര്‍ഷം ഏകദേശം 112,000 ഡോളറാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് രാത്രികാല മേയറുടെ പ്രവര്‍ത്തന സമയം. 

കഴിഞ്ഞ വര്‍ഷം പുതിയ ഓട്ടവ നൈറ്റ്‌ലൈഫ് ഇക്കണോമി ആക്ഷന്‍ പ്ലാന്‍ സിറ്റി കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. രാത്രികാല ജീവിതവും ജോലിയും ബിസിനസ്സുകളുമായി ബന്ധപ്പെട്ട് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് മേയറുടെ കര്‍ത്തവ്യം. ഓട്ടവയില്‍ രാത്രി ജീവിതവുമായി ബന്ധപ്പെട്ട ബിസിനസ്സുകളില്‍ 38,000 ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സിറ്റിയുടെ കണക്കുകള്‍. 

'നൈറ്റ് ലൈഫ് കമ്മീഷണര്‍ ഓഫീസ്' സ്ഥാപിക്കണമെന്ന് ഓട്ടവ സിറ്റി നിര്‍ദ്ദേശിച്ചിരുന്നു. നരഗത്തിലെ രാത്രി ജീവിതത്തെ പിന്തുണയ്ക്കുന്നതിനായി ബിസിനസ്സുകള്‍, സിറ്റി ഉദ്യോഗസ്ഥര്‍, റെഗുലേറ്റര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവരോടൊപ്പം നൈറ്റ് മേയറും പ്രവര്‍ത്തിക്കുന്നു. നൈറ്റ് ലൈഫ് കമ്മീഷണറെ ആവശ്യപ്പെട്ട് ഓട്ടവ സിറ്റിയുടെ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിട്ടുണ്ട്.