കാനഡയില്‍ വാഹനമോഷണം വര്‍ധിക്കുന്നു; പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിച്ച് മോഷ്ടാക്കള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Feb 9, 2024, 1:23 PM

 

 

കാനഡയില്‍ കാര്‍ മോഷണം വര്‍ധിക്കുകയാണ്. വാഹനങ്ങള്‍ മോഷ്ടിക്കാന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നത് വ്യത്യസ്ത നൂതന സാങ്കേതിക വിദ്യകളുമാണ്. ഇത്തരം സാങ്കേതികവിദ്യകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളെടുക്കേണ്ടത് അനിവാര്യമാണെന്ന് ഫെഡറല്‍ സര്‍ക്കാരും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും പറയുന്നു. രാജ്യതലസ്ഥാനമായ ഓട്ടവയില്‍ മാത്രം വാഹന മോഷണക്കേസുകള്‍ കുത്തനെ ഉയരുകയാണെന്ന് ഓട്ടവ പോലീസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുടനീളമുള്ള വാഹന മോഷണങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ ഉച്ചകോടി സംഘടിപ്പിക്കുന്നതിനിടെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. കാനഡയില്‍ പ്രതിവര്‍ഷം 90,000 കാറുകള്‍ മോഷ്ടിക്കപ്പെടുന്നതായി ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു. 

വാഹനമോഷണത്തിനായി കുറ്റവാളികള്‍ ഉപയോഗിക്കുന്ന കണ്‍സ്യൂമര്‍ ഹാക്കിംഗ് ഡിവൈസുകളുടെ ഇറക്കുമതി, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഇന്നൊവേഷന്‍, സയന്‍സ്, ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ഫ്രാന്‍സ്വേ ഫിലിപ് ഷാംപെയ്ന്‍ പറഞ്ഞു. കുറ്റവാളികള്‍ കാറുകള്‍ മോഷ്ടിക്കാന്‍ അണ്‍സെര്‍ട്ടിഫൈഡ് ആയ ഇമോബിലൈസര്‍ റിപ്രോഗ്രാമുകളും ജിപിഎസ് ജാമറുകളും പോലുള്ള ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി ഓട്ടവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

കനേഡിയന്‍ വിതരണ ശൃംഖലയില്‍ നിന്ന് 300 ല്‍ അധികം അംഗീകാരമില്ലാത്തതും നിയമവിരുദ്ധവുമായ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ ചെയ്യുന്നതും ലിസ്റ്റ് ചെയ്യുന്നതും നിരോധിക്കാന്‍ സര്‍ക്കാര്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.