മെട്രോ വാന്‍കുവറില്‍ എലിശല്യം വര്‍ധിക്കുന്നു; ആശങ്കാകുലരായി ജനങ്ങള്‍

By: 600002 On: Feb 9, 2024, 1:01 PM 

ഡൗണ്‍ടൗണ്‍ വാന്‍കുവറില്‍ എലി ശല്യം രൂക്ഷമാകുന്നു. പ്രദേശങ്ങളിലുടനീളം എലി ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. എലികളെ തുരത്താന്‍ പല വഴികള്‍ പയറ്റുകയാണ് ജനങ്ങള്‍. കെണികള്‍ സ്ഥാപിക്കുകയും മറ്റ് കീടനിയന്ത്രണങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും എലിശല്യം തീരുന്നില്ല. 

അസാധാരണമാം വിധം താപനില കൂടിയ ശൈത്യകാലവും മറ്റ് മൃഗങ്ങള്‍ക്ക് ഹാനികരമാകുമെന്ന് കരുതിയ ഒരു തരം എലിവിഷത്തിന് പ്രവിശ്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതും മെട്രോ വാന്‍കുവറില്‍ എലികള്‍ പെരുകാന്‍ കാരണമായതായി പെസ്റ്റ് കണ്‍ട്രോള്‍ എക്‌സ്‌പേര്‍ട്ട്‌സ് പറയുന്നു. 

ഭക്ഷണ വസ്തുക്കള്‍ ധാരാളമായി ലഭിക്കുന്ന സ്ഥലവും വെള്ളം ലഭിക്കുന്ന ഇടവുമുണ്ടെങ്കില്‍ എലികള്‍ പെരുകും. അതിനാല്‍ അനാവശ്യമായി ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയാതെയും ഉപേക്ഷിക്കാതെയും ശ്രദ്ധിച്ചാല്‍ എലികളുടെ ശല്യം കുറയ്ക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

എലി ശല്യം കാരണം ജനങ്ങള്‍ ആശങ്കാകുലരാണെങ്കിലും പെസ്റ്റ് കണ്‍ട്രോള്‍ കമ്പനികള്‍ക്കും എക്‌സ്‌പേര്‍ട്ടുകള്‍ക്കും അവരുടെ ബിസിനസ് കുതിച്ചുയരുന്ന സാഹചര്യമാണിത്. ശൈത്യകാലത്ത് എല്ലാ ദിവസങ്ങളിലും തനിക്ക് ലഭിക്കുന്ന കോളുകളില്‍ 90 ശതമാനവും എലികളുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് ക്രിറ്റര്‍ കണ്‍ട്രോള്‍ വാന്‍കുവറിലെ ഡിസ്ട്രിക്റ്റ് മാനേജര്‍ തോര്‍സെല്‍ പറയുന്നു. 

ബുറാര്‍ഡ് സ്‌കൈട്രെയിന്‍ സ്റ്റേഷന് പുറത്തുള്ള ആര്‍ട്ട് ഫിലിപ്‌സ് പാര്‍ക്ക് എലികളുടെ വാസസ്ഥലമാണ്. ഇവിടം എലികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണിക്കുന്നു. എലിക്കെണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാളങ്ങളില്‍ എലികള്‍ പെരുകുകയാണ്.