കാനഡയിലെ ചില ടിവി, റേഡിയോ സ്‌റ്റേഷനുകള്‍ പിരിച്ചുവിട്ട് ബെല്‍ മീഡിയ; ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു 

By: 600002 On: Feb 9, 2024, 11:07 AM

 

 


കാനഡയിലുടനീളമുള്ള 103 റീജിയണല്‍ റേഡിയോ സ്‌റ്റേഷനുകളില്‍ 45 എണ്ണം വില്‍ക്കുന്നതായി ബെല്‍ മീഡിയ. കൂടാതെ ഒന്നിലധികം ടെലിവിഷന്‍ വാര്‍ത്താകാസ്റ്റുകളും മറ്റ് പ്രോഗ്രാമുകളും അവസാനിപ്പിക്കുകയാണെന്നും ബെല്‍ മീഡിയ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ബെല്‍ മീഡിയ സബ്‌സിഡിയറിയിലെ പത്രപ്രവര്‍ത്തകരും മറ്റ് തൊഴിലാളികളും ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ എണ്ണം ഒമ്പത് ശതമാനം വെട്ടിക്കുറച്ചു. ബീസി, ഒന്റാരിയോ, ക്യുബെക്ക്, അറ്റ്‌ലാന്റിക് കാനഡ എന്നിവടങ്ങളിലെ സ്‌റ്റേഷനുകളാണ് വില്‍ക്കുന്നത്. ന്യൂസ് സ്‌റ്റേഷനുകളായ സിടിവി, ബിഎന്‍എന്‍, ബ്ലൂംബെര്‍ഗ് തുടങ്ങിയവയെയും പിരിച്ചുവിടല്‍ ബാധിക്കുമെന്ന് വ്യാഴാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇന്റേണല്‍ മെമോയില്‍ പറയുന്നു. 

കമ്പനിയുടെ വിവിധ തലങ്ങളിലുള്ള 4,800 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് ചീഫ് എക്‌സിക്യുട്ടീവ് മിര്‍ക്കോ ബിബിക് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ചില ജീവനക്കാരെ ഇതിനോടകം  പിരിച്ചുവിട്ടതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മറ്റ് ചിലരെ വ്യാഴാഴ്ച അറിയിക്കും. ബാക്കി ആളുകളെ ഈ വര്‍ഷം അവസാനത്തോടെയും പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. ടൊറന്റോ ഒഴികെയുള്ള എല്ലാ സിടിവി സ്‌റ്റേഷനുകളിലെയും വീക്ക്‌ഡേ നൂണ്‍ ന്യൂസ്‌കാസ്റ്റ് അവസാനിക്കുമെന്ന് ലോക്കല്‍ ടിവി, റേഡിയോ, ബെല്‍ മീഡിയ സ്റ്റുഡിയോസ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രേ പറഞ്ഞു. കൂടാതെ ടൊറന്റോ, മോണ്‍ട്രിയല്‍, ഓട്ടവ എന്നിവ ഒഴികെയുള്ള എല്ലാ സിടിവി, സിടിവി2 സ്ഷനുകളിലും വൈകിട്ട് 6 മണിക്കും, രാത്രി 11 മണിക്കുമുള്ള ന്യൂസ്‌കാസ്റ്റുകളും നിര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ആല്‍ബെര്‍ട്ട, മാനിറ്റോബ, ക്യുബെക്ക്, അറ്റ്‌ലാന്റിക് കാനഡ എന്നിവടങ്ങളില്‍ സിടിവി നാഷണല്‍ ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ന്യൂസ് കറസ്‌പോണ്ടന്റിനും ടെക്‌നീഷ്യന്‍ ടീമുകള്‍ക്കും പകരമായി മള്‍ട്ടി സ്‌കില്‍ഡ് ജേണലിസ്റ്റുകള്‍ വരുമെന്നും ഓട്ടവയില്‍ മറ്റ് കറസ്‌പോണ്ടന്റ് മാറ്റങ്ങള്‍ വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.