മോദി 3.0 ഉറപ്പ്; വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Feb 8, 2024, 7:24 PM

മോദി 3.0 ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ നയിച്ച ബി ജെ പി സ‍ർക്കാരിന്‍റെ 10 വ‍ർഷത്തെ ഭരണം രാജ്യത്തിന് വളരെയധികം ഗുണകരമായെന്നും വിവിധ മേഖലകളിൽ രാജ്യം മുന്നേറിയെന്നും മോദി അവകാശപ്പെട്ടു. ബജറ്റ് സമ്മേളനത്തിനുള്ള മറുപടിയായുള്ള രാജ്യസഭയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രിഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ വലിയ വികസനത്തിനാണ് ഇക്കാലയളവ് സാക്ഷ്യം വഹിച്ചതെന്നും മോദി 3.0 വികസിത ഭാരതത്തിനായി ഉറച്ച തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പട്ടു. സൗജന്യ റേഷൻ  പദ്ധതിക്കൊപ്പം  കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് എന്നീ പദ്ധതികൾ തുടരുകയെന്നും മോദി വിശദീകരിച്ചു. ദാരിദ്ര്യത്തിൽ നിന്ന് മുക്തരായവർ അതിലേക്ക് മടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. അതിനുവേണ്ടിയാണ് സൗജന്യ റേഷൻ പദ്ധതിയടക്കം തുടരുമെന്ന പ്രഖ്യാപനമെന്നും അദ്ദേഹം വിവരിച്ചു. സൗരോർജ്ജത്തിന്‍റെ ഉപയോഗത്തിലൂടെ രാജ്യത്ത് എല്ലാവർക്കും വൈദ്യുതി ബിൽ പൂജ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുണ്ടെന്ന് മോദി വ്യക്തമാക്കി. രാജ്യത്തുടനീളം പൈപ്പിലൂടെ ഗ്യാസ് നൽകാനുള്ള പദ്ധതി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സാധ്യമാകുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശത്തേക്ക് വിദ്യാർത്ഥികൾ പോകുന്നത് തടയാൻ സർവ്വകലാശാലകൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.