രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്

By: 600021 On: Feb 8, 2024, 7:11 PM

രാജ്യത്ത് ആദ്യമായി  ഏകീകൃത സിവിൽ കോഡ് ബിൽ പാസ്സാക്കി ഉത്തരാഖണ്ഡ് നിയമസഭ. രണ്ട് ദിവസം നീണ്ട ചർച്ചയ്ക്ക് ശേഷം ശബ്ദ വോട്ടോടെ പാസാക്കിയ ബിൽ ​ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും. ഇത് ചരിത്ര നിമിഷമാണെന്നും സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ നിയമത്തിലൂടെ കഴിയുമെന്നും  മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി പറഞ്ഞു. മാതൃശക്തിയോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കും എന്നും പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ലിവിങ് ടു​ഗെതർ ബന്ധങ്ങൾക്ക് രെജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം, വിവാഹ പ്രായം ഏകീകരിക്കുന്നതിനും, വിവാഹ മോചനത്തിന് ഒറ്റ രീതിയാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ഉത്തരാഖണ്ഡ് പാസാക്കിയ ബിൽ. സംസ്ഥാനങ്ങളിലൂടെ ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിനാണ് ഇതോടെ ഉത്തരാഖണ്ഡിലൂടെ തുടക്കമാകുന്നത്. അതേസമയം, രാജ്യത്ത് യുസിസി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ നിയമ കമ്മീഷനോട് റിപ്പോർട്ട് തേടി. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അ‍ഞ്ചം​ഗ സമിതിയാണ് കരട് ബിൽ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരാഖണ്ഡ് ഉൾപ്പടെ 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയേക്കും.