ഇന്ത്യയിൽ നിർമ്മിക്കുന്ന എയർക്രാഫ്റ്റ് ഡോറിൻ്റെ ഏറ്റവും വലിയ കയറ്റുമതി ഓർഡർ നൽകി എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എയർബസ്

By: 600021 On: Feb 8, 2024, 6:38 PM

എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എയർബസ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ എയർക്രാഫ്റ്റ് ഡോറിൻ്റെ കയറ്റുമതി ഓർഡർ നൽകി. ന്യൂ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എയർബസ് ഇന്ത്യ പ്രസിഡൻ്റ് റെമി മെയിലാർഡിനൊപ്പം കയറ്റുമതി ഓർഡർ പ്രഖ്യാപിച്ചു. എയർബസ് എ220 സിംഗിൾ ഐൽ എയർക്രാഫ്റ്റിനായി ഇന്ത്യൻ എയ്‌റോസ്‌പേസ്, ഡിഫൻസ് നിർമ്മാതാക്കളായ ഡൈനാമാറ്റിക് ടെക്‌നോളജീസ് ആണ് വിമാനത്തിൻ്റെ വാതിലുകൾ നിർമ്മിക്കുന്നത്. ഒരു ഇന്ത്യൻ എയ്‌റോസ്‌പേസ് നിർമ്മാണ കമ്പനിയുടെ ഏറ്റവും വലിയ കയറ്റുമതി കരാറുകളിൽ ഒന്നാണിതെന്ന് സിന്ധ്യ പറഞ്ഞു. ഇന്ത്യൻ എയ്‌റോസ്‌പേസ് ഇക്കോസിസ്റ്റത്തിലേക്ക് സമ്പൂർണ വിമാനത്തിൻ്റെ വാതിൽ നിർമാണ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിന് ഈ കരാർ ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാതിലുകൾ ഇതിനകം തന്നെ ഉൽപ്പാദനത്തിലാണെന്നും അടുത്ത വർഷം ആദ്യം ഫ്രഞ്ച് വിമാന നിർമ്മാതാവിന് കൈമാറുമെന്നും ഡൈനാമാറ്റിക് ടെക്നോളജീസ് സിഇഒ ഉദയന്ത് മൽഹോത്ര പറഞ്ഞു. എയർബസ് ഇന്ത്യ പ്രസിഡൻറ് റെമി മെയിലാർഡ് ഇടപാടിൽ സന്തോഷം പ്രകടിപ്പിച്ചു, വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് 1.5 ബില്യൺ ഡോളറിൻ്റെ ഘടകങ്ങളും സേവനങ്ങളും വാങ്ങാനുള്ള എയർബസിൻ്റെ അഭിലാഷത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.