ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത 75 -മത് ജന്മദിനാഘോഷം ഫെബ്രുവരി 19നു

By: 600084 On: Feb 8, 2024, 4:14 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക്/തിരുവല്ല : മലങ്കര മാർത്തോമാ മെത്രാപ്പോലീത്ത, ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ  75-മത് ജന്മദിനാഘോഷം ഫെബ്രുവരി 19നു, തിങ്കളാഴ്ച തിരുവല്ല സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ഡോ:യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെട്രോപൊളിറ്റൻ അറിയിച്ചു.

മെത്രാപ്പോലീത്തക്ക് 2024 ഫെബ്രുവരി 19-നാണ് 75 വർഷം തികയുന്നത്. തിരുമേനിയുടെ സഭയിലും സമൂഹത്തിലും അനുഗ്രഹീതവും മാതൃകാപരവുമായ സേവനത്തിന് ദൈവത്തെ സ്തുതിക്കുന്നു. അർഥവത്തായതും പ്രസക്തവുമായ ക്രിസ്തീയ സാക്ഷ്യത്തിലൂടെ സഭയെ നയിക്കുന്ന തിരുമേനിക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നതായി കൂറിലോസ് തിരുമേനിയുടെ അറിയിപ്പിൽ പറയുന്നു.

ജന്മവാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 7.30ന് വിശുദ്ധ കുർബാനയും കൃതജ്ഞതാ ശുശ്രൂഷയും ആരംഭിക്കും. തുടർന്ന്, രാവിലെ 9 മണിക്ക് അനുമോദന സമ്മേളനം ക്രമീകരിച്ചിരിക്കുന്നു. അഡ്വ. പി എസ് ശ്രീധരൻ പിള്ള(ഗോവ ഗവർണർ) വിശിഷ്ടാതിഥികൾ ആശംസകൾ അർപ്പിക്കും.

ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സഭയുടെയും നിരണം-മാരാമൺ ഭദ്രാസനത്തിൻ്റെയും ആഭിമുഖ്യത്തിലുള്ള രണ്ട് ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഈ ശുശ്രൂഷകളിലേക്കും യോഗങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നു.

വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 7:15 ന് മുമ്പും, അനുമോദന യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 8:45 ന് മുമ്പും പള്ളിയിൽ ഹാജരാകണം. വിശുദ്ധ കുർബാന ശുശ്രൂഷയും അനുമോദന സമ്മേളനവും അനുഗ്രഹമായി മാറാൻ എല്ലാവരേയും ഹൃദയപൂർവ്വം പ്രാർത്ഥിക്കാനും സഹകരിക്കാനും യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെട്രോപൊളിറ്റൻ ഉദ്ബോധിപ്പിച്ചു.