ആഗോള തലത്തില്‍ താപനില വര്‍ധിക്കുന്നത് കാനഡയില്‍ മഞ്ഞുവീഴ്ച കനത്തതാക്കും: ഗവേഷകര്‍ 

By: 600002 On: Feb 8, 2024, 2:03 PM

 


ആഗോള കാലാവസ്ഥയില്‍ ചൂട് വര്‍ധിക്കുന്നതിനാല്‍ കാനഡയുടെ ചില ഭാഗങ്ങളില്‍ ഈ ആഴ്ച മാരിടൈംസിലെ ചില ഭാഗങ്ങളില്‍ ഉണ്ടായത് പോലെയുള്ള കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. അന്തരീക്ഷത്തിലെ താപനിലയും അതിന് എത്രത്തോളം ജലം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ റിസര്‍ച്ച് അഫിലിയേറ്റ് ജൂഡ കോഹന്‍ പറഞ്ഞു. ഇത് ഒരു സ്‌പോഞ്ച് പോലെയാണ്. അന്തരീക്ഷം വളരെ ചൂടുള്ളതാണെങ്കില്‍ ധാരാളം ഈര്‍പ്പം നിലനിര്‍ത്തും. വെള്ളത്തിലിട്ട സ്‌പോഞ്ച് പിന്നീട് പിഴിഞ്ഞുനോക്കിയാല്‍ അതില്‍ നിന്നും ജലം ഒഴുകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

നോവ സ്‌കോഷ്യയില്‍ രേഖപ്പെടുത്തിയ കനത്ത മഞ്ഞുവീഴ്ച അന്തരീക്ഷത്തില്‍ താപനില വര്‍ധിച്ചതിന്റേതാണ്. വെള്ളിയാഴ്ച മുതല്‍ കേപ് ബ്രെട്ടണിന്റെ ചില ഭാഗങ്ങളില്‍ 150 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. 

അടുത്തിടെ നോവ സ്‌കോഷ്യയിലുണ്ടായ സ്‌റ്റോമിനെ ചൂണ്ടിക്കാട്ടി ഇത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രമായ കാലാവസ്ഥയുടെ മറ്റൊരു ഉദാഹരണമാണിത്.