മോണ്‍ട്രിയലില്‍ അഞ്ചാംപനി കേസ് റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത്. ആഫ്രിക്കയിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു.
രോഗം ബാധിച്ച വ്യക്തി ജനുവരി 29ന് ഒരു സ്‌കൂളിലും ജനുവരി 31 ന് മെഡിക്കല്‍ ക്ലിനിക്കിലും ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിലായി രണ്ട് പീഡിയാട്രിക് ഹോസ്പിറ്റലുകളിലെ എമര്‍ജന്‍സി റൂമുകളിലും സന്ദര്‍ശനം നടത്തിയതായി പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. ലബോറട്ടറി ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നതിന് മുമ്പ് വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തുകയും രോഗ സാധ്യതയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടതായും പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മീസെല്‍സ് വൈറസുകള്‍ക്ക് നീണ്ട ഇന്‍കുബേഷന്‍ കാലയളവുള്ളതിനാല്‍ മറ്റ് അഞ്ചാംപനി കേസുകള്‍ ഫെബ്രുവരി 27 ന് മുമ്പായി ഉണ്ടാകാനാണ് സാധ്യതയെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പനി, ചുമ, ശരീരത്തില്‍ ചുവന്ന ചുണങ്ങുകള്‍ എന്നിവയാണ് അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍.