ദക്ഷിണേഷ്യന്‍ വ്യാപാരികളെ ലക്ഷ്യമിട്ട് കവര്‍ച്ച; പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പീല്‍ പോലീസ് 

By: 600002 On: Feb 8, 2024, 11:50 AM

 


ടൊറന്റോയിലുടനീളം ദക്ഷിണേഷ്യന്‍ വ്യാപാരികളെ ലക്ഷ്യമിട്ടുള്ള 29 വ്യത്യസ്ത കവര്‍ച്ചാ കേസുകള്‍ അന്വേഷിക്കാനൊരുങ്ങി പീല്‍ റീജന്‍ പോലീസ്. ഒരു സമൂഹത്തെ മുഴുവന്‍ ഭയപ്പെടുത്തി മുള്‍മുനയില്‍ നിര്‍ത്തിയ മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടണമെന്ന് ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ ആവശ്യപ്പെട്ടു. പുതുതായി രൂപീകരിച്ച എക്‌സ്റ്റോര്‍ഷന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടാസ്‌ക് ഫോഴ്‌സിന്റെ അന്വേഷണത്തില്‍ മൂന്ന് കേസുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം കൂടുതല്‍ പേരിലേക്കെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

അന്വേഷണത്തിലിരിക്കുന്ന 29 കേസുകളില്‍ ഒമ്പത് കേസുകള്‍ പ്രാദേശിക വ്യാപാര സ്ഥാപനങ്ങളില്‍ വെടിവെപ്പുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് ടാസ്‌ക് ഫോഴ്‌സ് വക്താവ് ഷെല്ലി തോംസണ്‍ പറഞ്ഞു. വെടിവെപ്പില്‍ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ദക്ഷിണേഷ്യന്‍ സമൂഹത്തെ ഭയപ്പെടുത്തിയ കേസുകളിലെ അഞ്ച് അറസ്റ്റുകളും മേഖലയിലെ പൊതു സുരക്ഷയുടെ വിജയമാണെന്ന് പാട്രിക് ബ്രൗണ്‍ പറഞ്ഞു.