ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തി: മുന്‍  ആര്‍സിഎംപി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പതിനാല് വര്‍ഷം തടവ് 

By: 600002 On: Feb 8, 2024, 9:34 AM

 

 

ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ ആര്‍സിഎംപി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കാമറൂണ്‍ ഓര്‍ട്ടിസിന് ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജസ്റ്റിസ് റോബര്‍ട്ട് മാരംഗര്‍ പതിനാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഓര്‍ട്ടിസിന്റെ വഞ്ചന കനേഡിയന്‍ പൗരന്മാരുടെ സുരക്ഷയെ അപകടത്തിലാക്കിയെന്ന് അസിസ്റ്റന്റ് ക്രൗണ്‍ അറ്റോര്‍ണി ജൂഡി ക്ലീവര്‍ പറഞ്ഞു. ഓര്‍ട്ടിസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്റലിജന്‍സ് സമൂഹത്തില്‍ കാനഡയുടെ പ്രശസ്തിയെ ദുര്‍ബലപ്പെടുത്തിയെന്ന് ജസ്റ്റിസ് പറഞ്ഞു. 

കാനഡയുടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ഓര്‍ട്ടിസ് കുറ്റക്കാരനാണെന്ന് നവംബറില്‍ കോടതി കണ്ടെത്തിയിരുന്നു. വിശ്വാസ വഞ്ചന, കംപ്യൂട്ടര്‍ സംവിധാനം തെറ്റായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കാനഡയുടെ ഔദ്യോഗിക രഹസ്യ നിയമമായ കാനഡ സെക്യൂരിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം വിചാരണയില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിയാണ് ഓര്‍ട്ടിസ്.