ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സുകളില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി എഡ്മന്റണ്‍ പോലീസ്

By: 600002 On: Feb 7, 2024, 11:04 AM

 

 


ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് വഴി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച്  പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എഡ്മന്റണ്‍ പോലീസ് സര്‍വീസ്. 2023 മെയ് മുതല്‍ ആപ്പിള്‍, സാംസങ് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 40 ല്‍ അധികെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പ്രമുഖ കമ്പനികളുടെ പുതിയ ഉല്‍പ്പന്നം എന്ന നിലയില്‍ വ്യാജ ഫോണുകളും വാച്ചുകളുമാണ് തട്ടിപ്പുകാര്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നത്. 

കഴിഞ്ഞ മൂന്ന് മാസമായി ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സ് തട്ടിപ്പുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ഇപിഎസ് സൗത്ത്ഈസ്റ്റ് ഇന്‍വെസ്റ്റിഗേറ്റീവ് റെസ്‌പോണ്‍സ് ടീമിലെ ഉദ്യോഗസ്ഥന്‍ ചാപ്മാന്‍ ലീ പറയുന്നു. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ ഇലക്ട്രോണിക് ഉപകരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉല്‍പ്പന്നം നിയമാനുസൃതമാണോയെന്ന് ഉറപ്പാക്കണമെന്നും ശ്രദ്ധാലുവായിരിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ലീ പറഞ്ഞു. 

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ നോക്കി യഥാര്‍ത്ഥമാണോയെന്ന് ഉറപ്പാക്കണം. മാര്‍ക്കറ്റ്‌പ്ലെയ്‌സ് പോലുള്ളവ ഉപയോഗിക്കുമ്പോള്‍ ചില സുരക്ഷാ മുന്‍കരുതലുകളുമെടുക്കണം. ഉല്‍പ്പന്നം കൈമാറാന്‍ പൊതുസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും സിസിടിവി ക്യാമറ ഉള്ള സ്ഥലം കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.