ഇന്‍സോള്‍വന്‍സികളിലെ കുതിച്ചു ചാട്ടം കാനഡയിലെ  ചെറുകിട ബിസിനസുകള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Feb 7, 2024, 10:32 AM

 


കാനഡയില്‍ പാപ്പരത്തം ഫയല്‍ ചെയ്യുന്ന കനേഡിയന്‍ ബിസിനസ്സുകളുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച  ബാങ്ക്‌റപ്റ്റന്‍സി സൂപ്രണ്ടിന്റെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2023 ല്‍ 4,810 ബിസിനസ്സുകള്‍ പാപ്പരായതായി കണ്ടെത്തി. കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് റീസ്ട്രക്ചറിഗ് പ്രൊഫഷണലുകള്‍(CAIRP)  പറയുന്നത് മുന്‍വര്‍ഷത്തേക്കാള്‍ 41.4 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. 36 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ സാമ്പത്തിക സമ്മര്‍ദ്ദങ്ങളും കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കിയ CEBA വായ്പകള്‍ക്കുള്ള സമീപകാല പെയ്‌മെന്റ് സമയപരിധിയുമാണ് ഈ വര്‍ധനവിന് കാരണമെന്ന് വിശ്വസിക്കുന്നതായി CAIRP  ഇന്‍സോള്‍വന്‍സി ട്രസ്റ്റിയും ചെയര്‍മാനുമായ ആന്ദ്രേ ബോള്‍ഡക് പറഞ്ഞു. 

വില്‍പ്പന വര്‍ധിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ബിസിനസ്സുകള്‍ക്ക് അവരുടെ കൂടിയ പ്രതിമാസ ബില്ലുകള്‍ നികത്താന്‍ കഴിയാതെ വരും. ഇതും മറ്റ് അധിക സാമ്പത്തിക വെല്ലുവിളികളും തിരിച്ചടികളും കൂടിച്ചേര്‍ന്ന് ബിസിനസ്സുകളെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും ബോള്‍ഡക് ചൂണ്ടിക്കാട്ടി. 

വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അടച്ചുപൂട്ടല്‍ നേരിട്ട ബിസിനസ്സുകളുടെ ചെറിയൊരു ഭാഗം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ്(CFIB) പറയുന്നു.