നേപ്പാളി പാർലമെൻ്ററി സംഘത്തിൻ്റെ ഇന്ത്യാ സന്ദർശനം സമാപിച്ചു.

By: 600021 On: Feb 7, 2024, 2:34 AM

നേപ്പാളി പാർലമെൻ്ററി സംഘത്തിൻ്റെ ഇന്ത്യാ സന്ദർശനം സമാപിച്ചു. ഇന്ത്യൻ പാർലമെൻ്റിൻ്റെ അന്താരാഷ്ട്ര സമിതിയുടെ ക്ഷണപ്രകാരമാണ് ജനുവരി 30 മുതൽ സന്ദർശനം ആരംഭിച്ചത്. ചെയർമാൻ രാജ്കിഷോർ യാദവിൻ്റെ നേതൃത്വത്തിൽ  എട്ടംഗ പ്രതിനിധി സംഘമാണ്  ഇന്ത്യ സന്ദർശിച്ചത്. ലോക്‌സഭാ മന്ദിര സന്ദർശനത്തിൽ  ലോക്‌സഭാ സ്പീക്കർ നേപ്പാളി പ്രതിനിധികളെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം വളർത്തിയെടുക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റിൽ ചർച്ചകൾ നടത്തി. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ നേപ്പാളി പാർലമെൻ്ററി പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ശക്തമായ സഹകരണത്തിന് പ്രതിനിധി സംഘത്തിനെ അഭിനന്ദിക്കുകയും ചെയ്തു.ഗോവയിലെ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഗോവയിലെത്തിയ  സംഘം അഗ്വാഡ കോട്ടയും, മുംബൈയിലെ പ്രശസ്തമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയവും സന്ദർശിച്ചു. അടുത്തിടെ കാഠ്മണ്ഡു സന്ദർശനവേളയിൽ നേപ്പാളിലെ ക്രിക്കറ്റിൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിൻ്റെ പ്രതിജ്ഞാബദ്ധതയുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. നേപ്പാളും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും പങ്കിട്ട താൽപ്പര്യങ്ങളുടെയും പശ്ചാത്തലത്തിൽ സന്ദർശനത്തിന് പ്രാധാന്യമുണ്ട്, കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ചർച്ചകൾ സഹായിച്ചേക്കുമെന്നാണ്  പ്രതീക്ഷ.