സംസ്ഥാനത്തെ ഉയർന്ന താപനില; ജാഗ്രതാ നിർദേശവുമായി വിദഗ്ധര്‍

By: 600021 On: Feb 7, 2024, 2:08 AM

സംസ്ഥാനത്ത്  വേനൽക്കാലമെത്തുന്നതിന് മുൻപേ താപനില  ഉയരുന്ന സാഹചര്യത്തിൽ വിദഗ്ധരുടെ  മുന്നറിയിപ്പ്.  പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന എൽനിനോ പ്രതിഭാസമാണ് താപനില ഉയരാൻ കാരണമെന്നും ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നും  വിദഗ്ധർ അറിയിച്ചു. സംസ്ഥാനത്ത് പല ജില്ലകളിലും പതിവിൽ കൂടുതൽ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗം വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ  37.7°c താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.  മാർച്ച് മുതലാണ് സംസ്ഥാനത്ത്  വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്. എന്നാൽ ഫെബ്രുവരിയിൽ തന്നെ  വേനൽ ചൂട് ആരംഭിച്ചിരിക്കുകയാണ്. 30 ഡി​ഗ്രിക്ക് മുകളിലാണ് മിക്ക ജില്ലകളിലും പകൽ സമയത്തെ ശരാശരി താപനില. കോഴിക്കോട്,കോട്ടയം, ആലപ്പുഴ, കണ്ണൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലും പുനലൂരിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തി.