കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്കിനെ തിരിച്ചുവിളിക്കാന്‍ നോട്ടീസ്

By: 600002 On: Feb 6, 2024, 12:40 PM

 


കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്കിനെ തിരിച്ചുവിളിക്കാന്‍ നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. മേയറുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ലാന്‍ഡന്‍ ജോണ്‍സ്റ്റണ്‍ എന്ന പ്രാദേശിക വ്യാപാര സ്ഥാപന ഉടമയാണ് മേയറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയത്. 

മേയര്‍മാരും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരെ തിരിച്ചുവിളിക്കുന്നതിനായി യോഗ്യരായ വോട്ടര്‍മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുന്ന നിയമം 2022 ലാണ് സര്‍ക്കാര്‍ പരിഷ്‌കരിച്ചത്. നിയമനിര്‍മാണം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള കാല്‍ഗറിയിലെ ആദ്യ തിരിച്ചുവിളിക്കല്‍ പ്രമേയമാണിത്. നിവേദനം നല്‍കിയ ദിവസം മുതല്‍ 60 ദിവസത്തിനുള്ളില്‍ 2019 ലെ കാല്‍ഗറിയിലെ ജനസംഖ്യയുടെ 40 ശതമാനത്തില്‍ കുറയാത്ത പിന്തുണ പ്രമേയം നേടിയിരിക്കണമെന്നാണ് നിയമം. 

പ്രമേയത്തെ അനുകൂലിക്കുന്നവരുടെ ഒപ്പുകള്‍ ശേഖരിച്ച് നിവേദനം സമര്‍പ്പിക്കുന്നതിന് 45 ദിവസത്തെ സമയപരിധിയാണുള്ളത്. ഈ സമയപരിധിക്കുള്ളില്‍ പ്രമേയം അംഗീകരിക്കുകയാണെങ്കില്‍ ഗോണ്ടെക്കിനെ മേയര്‍ സ്ഥാനത്ത് നിന്നും തിരിച്ചുവിളിക്കാന്‍ സാധിക്കും.